Banner Ads

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ: പരിശോധന ശക്തമാക്കാൻ എംവിഡി; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകൾക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ് (MVD). ഹൈക്കോടതിയുടെ കർശന ഉത്തരവിനെത്തുടർന്നാണ് സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കുന്നത്. വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും വെവ്വേറെ പിഴ ചുമത്താനാണ് തീരുമാനം.

വാഹനത്തിൽ ഒന്നിലേറെ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഓരോന്നിനും 5,000 രൂപ വീതം പിഴ ഈടാക്കും. പിഴ അടച്ച ശേഷം മോഡിഫിക്കേഷനുകൾ പൂർവ്വസ്ഥിതിയിലാക്കി വാഹനം ആർടിഒയ്ക്ക് മുന്നിൽ ഹാജരാക്കണം.അതിതീവ്ര വെളിച്ചമുള്ള എൽഇഡി ലൈറ്റുകൾ, കളർ ലൈറ്റുകൾ, വീതിയേറിയ ടയറുകൾ, വലിയ ശബ്ദവും തീയും ഉണ്ടാക്കുന്ന നിയമവിരുദ്ധ എക്‌സോസ്റ്റുകൾ (പുകക്കുഴലുകൾ) എന്നിവയ്‌ക്കെതിരെ കർശന നടപടിയുണ്ടാകും.സോഷ്യൽ മീഡിയ റീലുകൾ ചിത്രീകരിക്കാനായി നിയമവിരുദ്ധമായി മോഡിഫൈ ചെയ്യുന്ന വാഹനങ്ങളെ പ്രത്യേകമായി കണ്ടെത്തി നടപടിയെടുക്കും.

കഴിഞ്ഞ 3 മാസത്തിനിടെ എടുത്ത നടപടികളുടെ റിപ്പോർട്ട് സെപ്റ്റംബർ 3-നകം സമർപ്പിക്കാൻ എല്ലാ ആർടിഓമാർക്കും ഗതാഗത കമ്മീഷണറേറ്റ് നിർദേശം നൽകി.അനധികൃത വെളിച്ചവും ഭീകര ശബ്ദവും കാൽനടക്കാർക്കും മറ്റ് വാഹനങ്ങൾക്കും വലിയ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഇടപെടൽ.