
തിരുവനന്തപുരം : എല്ലാ നിയോജകമണ്ഡലങ്ങളിലും അവശ്യസാധനങ്ങൾ എത്തിക്കുന്നതിനായി സപ്ലൈകോയുടെ സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ നവംബർ ഒന്നു മുതൽ പ്രവർത്തനം ആരംഭിച്ചു. സബ്സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകളില്‍ ലഭ്യമാകും. നിലവിൽ കാർഡൊന്നിന് 319 രൂപ നിരക്കിൽ ലഭിച്ചിരുന്ന പ്രതിമാസ സബ്സിഡി വെളിച്ചെണ്ണ ഒരു ലിറ്ററിൽ നിന്ന് രണ്ട് ലിറ്ററായി വർദ്ധിപ്പിച്ചു.
ഓണത്തിന് 25 രൂപ നിരക്കിൽ കാർഡൊന്നിന് പ്രതിമാസം നൽകി വന്നിരുന്ന 20 കിലോഗ്രാം പച്ചരി/പുഴുക്കലരി ഇനി മുതൽ സ്ഥിരമായി ലഭ്യമാക്കും. സ്ത്രീ ഉപഭോക്താക്കൾക്ക് സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്ക് നിലവിലെ വിലക്കുറവിന് പുറമേ 10 ശതമാനം വരെ അധിക വിലക്കുറവ് ലഭിക്കും. നിലവില്‍ സപ്ലൈകോയില്‍ ലഭിക്കുന്ന വിലക്കുറവിന് പുറമേയാണിത്.
ആയിരം രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് നല്‍കും. 500 രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 250 ഗ്രാമിന്റെ ശബരി ഗോള്‍ഡ് തേയില നിലവിലെ വിലയില്‍ നിന്ന് 25ശതമാനം വിലക്കുറവില്‍ നല്‍കും. 105 രൂപ വിലയുള്ള ശബരി ഗോള്‍ഡ് തേയില 61.50 രൂപയ്ക്കാണ് നല്‍കുക.
500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളിൻമേല് സപ്ലൈകോ വില്പനശാലകളില് യുപിഐ മുഖേന പണം അടക്കുകയാണെങ്കില്‍ അഞ്ചു രൂപ വിലക്കുറവും നല്‍കും. സപ്ലൈകോ വില്പന ശാലകളില്‍ ഡിജിറ്റല്‍ പേയ്മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്. ശബരി അപ്പം പൊടിയും പുട്ടുപൊടിയും 50 ശതമാനം വിലക്കുറവില്‍ നല്‍കും. കിലോക്ക് 88 രൂപ വിലയുള്ള ഈ ഉല്‍പ്പന്നങ്ങള്‍ നവംബർ ഒന്നു മുതല്‍ 44 രൂപയ്ക്ക് സപ്ലൈകോ വില്പനശാലകളില് ലഭിക്കും.
വില്പനശാലകളിലെ തിരക്ക് ക്രമീകരിക്കുന്നതിനായി പുതിയ ഒരു പദ്ധതിയുമുണ്ട്. വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് വാങ്ങുന്ന തെരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് നിത്യോപയോഗ ഉത്പന്നങ്ങള്‍ക്ക് 5 ശതമാനം അധിക വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെപ്പോലെ ആറ് ജില്ലാ കേന്ദ്രങ്ങളിൽ പ്രത്യേക ക്രിസ്മസ് ഫെയറുകൾ സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം,
കോട്ടയം, തൃശ്ശൂർ എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകള്‍ സംഘടിപ്പിക്കുക. താലൂക്ക് തലത്തില്‍ തെരഞ്ഞെടുത്ത സൂപ്പർമാർക്കറ്റുകള്‍ ക്രിസ്മസ് ഫെയറുകളായി പ്രവർത്തിക്കും. ഡിസംബർ 21 മുതല്‍ ജനുവരി 1 വരെ ആയിരിക്കും ക്രിസ്മസ് ഫെയറുകള്‍. ക്രിസ്മസ് കാലത്ത് 250 കോടി രൂപയുടെ വിൽപ്പനയാണ് സപ്ലൈകോ പ്രതീക്ഷിക്കുന്നത്. 250ൽ അധികം ഉത്പന്നങ്ങൾക്ക് വിലക്കുറവും പ്രത്യേക ഓഫറുകളും ഉണ്ടാകും.