
മലപ്പുറം : ഇ കെ, എ പി വിഭാഗം സുന്നി നേതാക്കൾ ഒരുമിച്ച് അണിനിരന്നതോടെ മലപ്പുറം പടിക്കൽ ജുമാ മസ്ജിദ് ഉദ്ഘാടന ചടങ്ങ് മുസ്ലിം സമുദായത്തിലെ ഐക്യസന്ദേശ വേദിയായി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും എ പി അബൂബക്കർ മുസ്ലിയാരും (കാന്തപുരം) ചേർന്നാണ് പള്ളിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും കാന്തപുരത്തിനൊപ്പം വേദി പങ്കിട്ടു. എല്ലാ മേഖലകളിലും കൂട്ടായ്മയും ഐക്യബോധവും ഉണ്ടാകണം. വിഭാഗീയതയും ഭിന്നതകളും അവസാനിപ്പിക്കേണ്ട സമയമാണിത്. മുസ്ലിം സമൂഹത്തിന്റെ ഐക്യം ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
തന്റെ പ്രസ്താവനയെ ചിലർ തെറ്റായ രീതിയിലാണ് ആഘോഷിച്ചത്. സ്ത്രീകൾക്ക് സമൂഹത്തിൽ പ്രത്യേക സ്ഥാനവും മഹത്വവുമുണ്ട്. എന്നാൽ പുരുഷന്മാരുടെ സ്ഥാനം സ്ത്രീകൾക്ക് നൽകാൻ പാടില്ലെന്നാണ് ഉദ്ദേശിച്ചതെന്ന് കാന്തപുരം പറഞ്ഞു. വിഷയത്തിൽ കാന്തപുരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ജിഫ്രി തങ്ങളും വേദിയിൽ സംസാരിച്ചു.