Banner Ads

വീട്ടിൽ വിളിച്ചുവരുത്തി വസ്ത്രം വലിച്ചുകീറി; കോൺഗ്രസ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി രമ്യ ഹരിദാസ്

തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളിയിലും തമ്മിലടിയിലും കെപിസിസി നേതൃത്വത്തിന് കടുത്ത അതൃപ്തി. സംഭവത്തിൽ പാർട്ടിതലത്തിൽ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. രമ്യ ഹരിദാസിനൊപ്പമുണ്ടായിരുന്ന പാളയം പ്രദീപിനെതിരെ മുൻപ് ആലത്തൂരിലും സമാനമായ പരാതികൾ ഉയർന്നിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസ് പാർട്ടി നേതൃത്വത്തെ പരാതി അറിയിക്കും. എംഎൽഎ നൽകിയ പരാതിയിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. എസ്‌സി, എസ്ടി അതിക്രമ നിരോധന നിയമമടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ അപകീർത്തികരമായ പ്രചരണം നടത്തിയത് ചോദ്യം ചെയ്യാനാണ് താൻ പോയതെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കി. തന്നെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി ആക്രമിക്കുകയായിരുന്നുവെന്നും വസ്ത്രങ്ങൾ വലിച്ചുകീറുകയും കൈക്ക് കയറിപ്പിടിക്കുകയും ചെയ്തെന്നും എംഎൽഎ ആരോപിച്ചു.

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ താൻ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതാണ് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉൾപ്പെടെയുള്ളവരുടെ പ്രകോപനത്തിന് കാരണമെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു.