
കണ്ണൂർ : ബി ജെ പി പ്രാദേശിക നേതാവ് ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് എസ് ദർശനെ പാർട്ടി സ്ഥാനത്തുനിന്ന് സസ്‌പെൻഡ് ചെയ്തു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തത്.
തൊഴിൽ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കൈക്കലാക്കി വഞ്ചിച്ചതാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യ ചെയ്ത ബി ജെ പി നേതാവ് രതീശൻ എഴുതിയ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് പിരിച്ചെടുത്ത പണം വൈശാഖിന് കൈമാറിയതായി രതീശന്റെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ വൈശാഖ് ജോലി നൽകാതെ വഞ്ചിക്കുകയായിരുന്നു. ജോലി ലഭിക്കാത്തതിനെ തുടർന്ന് പണം നൽകിയവർ സമ്മർദ്ദം ചെലുത്തിയതോടെയാണ് ഈ മാസം മൂന്നിന് തലശ്ശേരിയിലെ ഓഫീസ് മുറിയിൽ രതീശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്തു നിന്നാണ് എറണാകുളം സ്വദേശിയായ വൈശാഖിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.