Banner Ads

ഭർത്താവ് മരിച്ച മനോവിഷമത്തിൽ ആത്മഹത്യാശ്രമം; അമ്മയും മകളും മരിച്ചു

തൃശൂർ : ചേലക്കര മേപ്പാടത്ത് കൂട്ട ആത്മഹത്യാ ശ്രമത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. ചേലക്കര മേപ്പാടം കോൽപ്പുറത്ത് വീട്ടിൽ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് (34) ഇന്നലെ രാവിലെ മരിച്ചത്. ഇവരുടെ ആറു വയസ്സുള്ള മകൾ അണിമ സംഭവ ദിവസം തന്നെ മരിച്ചിരുന്നു.

ഒപ്പമുണ്ടായിരുന്ന നാല് വയസ്സുകാരനായ മകൻ അക്ഷയ് അപകടനില തരണം ചെയ്തു. രണ്ടാഴ്ച മുൻപ് വൃക്ക രോഗത്തെ തുടർന്ന് ഷൈലജയുടെ ഭർത്താവ് പ്രദീപ് മരണമടഞ്ഞിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ഷൈലജയും മക്കളും ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.

പ്രദീപിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് തിങ്കളാഴ്ചയാണ് ഷൈലജയും മക്കളും മേപ്പാടത്തെ വീട്ടിലെത്തിയത്. ചൊവ്വാഴ്ച ഇവരെ പുറത്ത് കാണാത്തതിനെ തുടർന്ന് നാട്ടുകാർ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൂവരെയും അവശനിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അണിമ മരിച്ചു. എലിവിഷം കലർന്ന ഭക്ഷണം ഉള്ളിൽ ചെന്നതാണ് മരണകാരണമായി പറയുന്നത്.