Banner Ads

സബ്‌സിഡി നിലച്ചു, അരിവില തിരിച്ചടിയായി; സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടലിലേക്ക്

കോഴിക്കോട് : സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയെന്ന ആരോപണവുമായി കുടുംബശ്രീ പ്രവർത്തകർ. സബ്‌സിഡി നിരക്കിൽ അരി വിതരണം ചെയ്യുന്നത് നിലച്ചതോടെ പൊതുവിപണിയിൽ നിന്നും ഉയർന്ന വിലയ്ക്ക് അരിയും മറ്റ് സാധനങ്ങളും വാങ്ങാനാകാതെ ഹോട്ടലുകളുടെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്.

കോഴിക്കോട് അടക്കമുള്ള വിവിധ ജില്ലകളിലായി ഇരുന്നൂറിലധികം ജനകീയ ഹോട്ടലുകൾ ഇതിനകം പൂട്ടിപ്പോയെന്നും ഇത് ആയിരക്കണക്കിന് സ്ത്രീകളുടെ ഉപജീവനത്തെ ബാധിച്ചെന്നുമാണ് റിപ്പോർട്ടുകൾ. കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് ഭരണതലത്തിൽ പിന്തുണ കുറയുന്നതാണ് ഈ സ്ഥിതിക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

അർഹമായ അക്കൗണ്ടുകളിലേക്ക് ലഭ്യമാക്കേണ്ട സഹായങ്ങളെക്കുറിച്ച് വ്യക്തമായ തീരുമാനങ്ങൾ വൈകുന്നത് പ്രതിസന്ധി വർധിപ്പിക്കുന്നുവെന്നാണ് ഇവരുടെ പക്ഷം. ജനങ്ങൾക്ക് ഏറെ ആശ്വാസകരമായിരുന്ന പദ്ധതി തുടരാൻ സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് പൊതുജനങ്ങളും ആവശ്യപ്പെടുന്നു.

2020-21 കാലഘട്ടത്തിൽ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി എൽഡിഎഫ് സർക്കാരാണ് ജനകീയ ഹോട്ടലുകൾക്ക് തുടക്കമിട്ടത്. 20 രൂപയ്ക്ക് ഉച്ചയൂണ് ലഭ്യമാക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയിലൂടെ സംസ്ഥാനത്തൊട്ടാകെ ആയിരത്തിലധികം ഹോട്ടലുകൾ തുറക്കുകയും അയ്യായിരത്തിലധികം സ്ത്രീകൾക്ക് തൊഴിൽ ലഭിക്കുകയും ചെയ്തിരുന്നു.

ഒരു ഊണിന് 10 രൂപ വീതം സർക്കാർ നൽകിയിരുന്ന സബ്‌സിഡിയും സബ്‌സിഡി അരിയുമായിരുന്നു ഇവരുടെ പിൻബലം. എന്നാൽ കാലക്രമേണ സബ്‌സിഡി തുക വെട്ടിക്കുറച്ചതും അരിയടക്കമുള്ള സാധനങ്ങളുടെ ലഭ്യത കുറഞ്ഞതും ഹോട്ടലുകളുടെ പ്രവർത്തനത്തെ താളംതെറ്റിക്കുകയായിരുന്നു.