Banner Ads

ശബരിമല വിഷൻ പ്ലാൻ–2026′: രാജ്യാന്തര നിലവാരത്തിലേക്ക് ഉയരാൻ ശബരിമല; വൻ പരിഷ്കരണ പദ്ധതികളുമായി ദേവസ്വം ബോർഡ്

ലോകോത്തര തീർഥാടന കേന്ദ്രമെന്ന നിലയിൽ ശബരിമലയെ കൂടുതൽ ആകർഷകവും പ്രഫഷണൽ നിലവാരത്തിലുമെത്തിക്കാൻ വൻ പരിഷ്കരണ പദ്ധതികളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്ത്. ‘ശബരിമല വിഷൻ പ്ലാൻ–2026’ന്റെ ഭാഗമായി വരുന്ന മണ്ഡലകാലം മുതൽ വിപുലമായ മാറ്റങ്ങളാണ് നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ നേതൃത്വത്തിലാണ് പദ്ധതിയുടെ ഏകോപന പ്രവർത്തനങ്ങൾ നടക്കുന്നത്.

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ദേവസ്വം കെട്ടിടങ്ങൾക്കെല്ലാം ഒരേ രീതിയിലുള്ള നിറം നൽകും. ഭക്തർക്കായി സ്ഥാപിക്കുന്ന വിവരഫലകങ്ങളും ഏകീകൃത ബ്രാൻഡിങ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഒരുക്കുക. പ്രത്യേക സമിതിയുടെ അംഗീകാരത്തിന് ശേഷമേ ഇവ സ്ഥാപിക്കൂ.ശബരിമലയിലും പരിസരങ്ങളിലും നിർമിക്കുന്ന ഹോട്ടലുകൾ, കടകൾ, കിയോസ്കുകൾ എന്നിവയ്ക്ക് നിശ്ചിത മാതൃകയും നിറവും അക്ഷരശൈലിയും നിർബന്ധമാക്കും. അനുമതിയില്ലാത്ത പരസ്യബോർഡുകളും ബാനറുകളും സന്നിധാനത്തും പമ്പയിലും അനുവദിക്കില്ല.

നിലവാരമില്ലാത്ത താൽക്കാലിക ലൈറ്റിങ് സംവിധാനങ്ങൾ പൂർണമായും ഒഴിവാക്കും. വിദഗ്ധരുടെ മേൽനോട്ടത്തിൽ ആധുനികവും പ്രഫഷണൽ നിലവാരമുള്ളതുമായ ലൈറ്റിങ് സംവിധാനം ഒരുക്കും. പമ്പയിലും സന്നിധാനത്തും നിരന്തരം മുഴങ്ങുന്ന അനൗൺസ്മെന്റുകൾക്ക് നിയന്ത്രണം വരും. 30 മിനിറ്റിലോ ഒരു മണിക്കൂറിലോ ഒരിക്കൽ മാത്രം അറിയിപ്പുകൾ നൽകുന്ന രീതിയിലേക്ക് മാറും. വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിൽ പ്രാവീണ്യമുള്ള ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിക്കുക.നിലയ്ക്കലിലെയും പമ്പയിലെയും പ്രവേശന കവാടങ്ങൾ കൂടുതൽ ആകർഷകമായി പുനഃക്രമീകരിക്കും.

സന്നിധാനത്തും നിലയ്ക്കലിലും വർഷം മുഴുവൻ കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിനായി പ്രത്യേക കലണ്ടറും തയ്യാറാക്കും.ശബരിമലയുടെ ദൃശ്യഭംഗിയും തീർഥാടകർക്ക് ലഭിക്കുന്ന അനുഭവവും ആധുനികവും രാജ്യാന്തര നിലവാരമുള്ളതുമാക്കുക എന്നതാണ് ഈ മാസ്റ്റർ പ്ലാനിലൂടെ ദേവസ്വം ബോർഡ് ലക്ഷ്യമിടുന്നത്.