Banner Ads

വിദ്യാർത്ഥി കൈകൂപ്പി അപേക്ഷിച്ചിട്ടും ബസിൽ കയറ്റിയില്ല; വടക്കാഞ്ചേരിയിൽ സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തൃശൂർ : തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ റോഡിൽ നിർത്തിയ സംഭവത്തിൽ സ്വകാര്യ ബസ് കണ്ടക്ടർ രാമദാസിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. മോട്ടോർ വാഹന വകുപ്പ് ബോധവത്കരണ ക്ലാസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.

വടക്കാഞ്ചേരി ജോയിന്റ് ആർടിഒ ഓഫീസിലേക്ക് കണ്ടക്ടറെ വിളിച്ചുവരുത്തി വിശദീകരണം കേട്ട ശേഷമാണ് നടപടി. വീട്ടിലെത്താൻ വൈകുമെന്നും ബസിൽ കയറ്റണമെന്നും ഒരു വിദ്യാർത്ഥി കൈകൂപ്പി അപേക്ഷിച്ചിട്ടും കണ്ടക്ടർ വഴങ്ങാതിരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂൾ വിട്ട ശേഷം വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്ന് വീട്ടിലേക്ക് പോകാൻ നിന്ന ക്ലീലിയാ സ്കൂളിലെ സിയാൻ അടക്കമുള്ള വിദ്യാർത്ഥികൾക്കാണ് സ്വകാര്യ ബസ് ജീവനക്കാരനിൽ നിന്ന് ദുരനുഭവം ഉണ്ടായത്. വിദ്യാർത്ഥി കൺസെഷൻ ആയതിനാൽ കുറച്ചു കുട്ടികളെ മാത്രമേ ബസിൽ കയറ്റാൻ കഴിയൂ എന്നതായിരുന്നു കണ്ടക്ടറുടെ നിലപാട്.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസും മോട്ടോർ വാഹന വകുപ്പും ഇടപെട്ടു. ബസ് കണ്ടക്ടറെ വിളിച്ചുവരുത്തി ലൈസൻസ് പിടിച്ചുവെക്കുകയായിരുന്നു. വടക്കാഞ്ചേരി പോലീസ് ബസ് സ്റ്റാൻഡുകളിൽ പരിശോധന കർശനമാക്കുകയും ബസ് ഉടമകൾക്കും ജീവനക്കാർക്കും താക്കീത് നൽകുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തി.