
കൊച്ചി : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കെ സുധാകരൻ എംപി നൽകിയ മാനനഷ്ടക്കേസ് എറണാകുളം സിജെഎം കോടതി തള്ളി. പരാതിക്കാരനായ കെ സുധാകരൻ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് നടപടി. കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സുധാകരന്റെ അഭിഭാഷകൻ അറിയിച്ചു.
പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് ആ വീട്ടിൽ കെ സുധാകരന്റെ സാന്നിധ്യമുണ്ടായിരുന്നു എന്ന തരത്തിൽ 2023 ജൂണിൽ ദേശാഭിമാനി പത്രത്തിൽ വാർത്ത വന്നിരുന്നു. ഈ വാർത്ത ഉദ്ധരിച്ച് എം വി ഗോവിന്ദൻ സുധാകരനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചു.
ഈ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിൽ സുധാകരൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. എംവി ഗോവിന്ദന് പുറമേ, ആരോപണം ഉന്നയിച്ച അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ, ദേശാഭിമാനി ദിനപത്രം എന്നിവരെയും കേസിൽ പ്രതിചേർത്തിരുന്നു.
ഇന്ന് കോടതിയിൽ ഹാജരാകുന്നതിനായി സുധാകരൻ യാത്ര തിരിച്ചിരുന്നതാണെന്നും കേസ് പരിഗണനയ്ക്ക് എടുത്ത സമയത്ത് എത്തിച്ചേരാൻ സാധിക്കാതെ പോയതാണെന്നുമാണ് സുധാകരന്റെ അഭിഭാഷകൻ നൽകുന്ന വിശദീകരണം.