
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. എഎപി, ഇടത് പാർട്ടികൾ, മുസ്ലിം യൂത്ത് ലീഗ് തുടങ്ങിയ സംഘടനകൾ ജന്തർ മന്തറിൽ സംഘടിപ്പിച്ച സമരത്തെത്തുടർന്ന് ഡൽഹിയിൽ അസാധാരണ സാഹചര്യമാണ് നിലനിൽക്കുന്നത്.
സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, എ എ റഹീം എം പി, ജെയ്ക്ക് സി തോമസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വനിതകൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകരെ പത്തോളം ബസുകളിലായി അറസ്റ്റ് ചെയ്ത് നീക്കി. സമരം ശക്തമാകുന്ന സാഹചര്യത്തിൽ നഗരത്തിലെ 11 മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടി. ജന്തർ മന്തറിലേക്ക് കൂടുതൽ പ്രവർത്തകർ ഒഴുകിയെത്തുകയാണ്.
ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരും വലിയ തോതിൽ മലയാളികളും പ്രതിഷേധത്തിൽ പങ്കാളികളായി. ജന്തർ മന്തറിലേക്ക് കടക്കാൻ അനുവദിക്കാതെ സമരക്കാരെ പരമാവധി തടയാനാണ് പൊലീസ് ശ്രമിക്കുന്നത്. സിജെപിയുടെ നേതൃത്വത്തിൽ മുംബൈയിലും പ്രതിഷേധ സമരം സംഘടിപ്പിക്കും.