Banner Ads

പിരിഞ്ഞുതാമസിച്ച ഭാര്യയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു; ഭർത്താവ് റിമാൻഡിൽ

മലപ്പുറം : കുടുംബവഴക്കിനെ തുടർന്ന് പിരിഞ്ഞുതാമസിക്കുകയായിരുന്ന ഭാര്യയെ വീട്ടിൽ കയറി മർദിക്കുകയും കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റില്‍. ശാന്തിഗ്രാം പടിയറ പുതുപ്പറമ്പിൽ രാധാകൃഷ്ണൻ എന്ന ബിജു (46) വിനെയാണ് പോത്തുകൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ വിനിതയെ (40) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കുറച്ചുകാലമായി ബിജുവും വിനിതയും പിരിഞ്ഞു കഴിയുകയായിരുന്നു.

ബുധനാഴ്ച വിനിതയുടെ വീട്ടിലെത്തിയ ബിജു അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന വിനിതയുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് മർദിക്കുകയുമായിരുന്നു. ഇതിനുപിന്നാലെ കത്തിയെടുത്ത് വിനിതയുടെ മുഖത്തും വലതു തോളിലും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വീട്ടുകാരും നാട്ടുകാരും ചേർന്ന് പോത്തുകൽ പൊലീസിൽ വിവരമറിയിച്ചു.

തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കേസെടുക്കുകയും ബിജുവിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിന് ഉപയോഗിച്ച കത്തി വീണ്ടെടുക്കാനും സംഭവത്തിന് പിന്നിലെ സാഹചര്യങ്ങൾ വിശദമായി കണ്ടെത്താനും അന്വേഷണം പുരോഗമിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.