Banner Ads

തിരുവനന്തപുരത്ത് തെരുവ് യുദ്ധം; പിണറായിയുടെ വീടിന് മുന്നിൽ ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ സി.പി.എം കല്ലേറും ആക്രമണവും, ഡ്രൈവർക്ക് പരിക്ക്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധനയ്ക്ക് പിന്നാലെ തലസ്ഥാനത്ത് വൻ സംഘർഷം. ബേക്കറി ജങ്ഷനിലെ വീടിന് മുന്നിൽ തടിച്ചുകൂടിയ സി.പി.എം പ്രവർത്തകർ നടത്തിയ കല്ലേറിലും ആക്രമണത്തിലും ഇ.ഡി ഉദ്യോഗസ്ഥർക്കും ഡ്രൈവർക്കും പരിക്കേറ്റു.

സി.എം.ആർ.എൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് എട്ടര മണിക്കൂറോളം നീണ്ട മാരത്തോൺ പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങിയപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.പരിശോധന കഴിഞ്ഞ് ഇ.ഡി സംഘം വാഹനത്തിൽ കയറിയതോടെ പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു. ഇഷ്ടികകളും വടികളുമായി എത്തിയ സി.പി.എം പ്രവർത്തകർ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം വളഞ്ഞ് ആക്രമിച്ചു. കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകൾ പൂർണ്ണമായി തകർത്തു.

ഉദ്യോഗസ്ഥരെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. ആക്രമണത്തിൽ വാഹനത്തിന്റെ ഡ്രൈവർക്ക് കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റ് ഇ.ഡി ഉദ്യോഗസ്ഥരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തകർന്ന വാഹനം പോലീസ് തമ്പാനൂർ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

നിലവിൽ ഇ.ഡി ഉദ്യോഗസ്ഥർ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ സുരക്ഷിതരായി തുടരുകയാണ്.ഒരു ബാങ്ക് ഉദ്യോഗസ്ഥ ഉൾപ്പെടെ നാലംഗ ഇ.ഡി സംഘമാണ് തിരുവനന്തപുരത്തെ വസതിയിൽ പരിശോധന നടത്തിയത്. പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും രേഖകളും ഇ.ഡി സംഘം ശേഖരിച്ചതായാണ് വിവരം.പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 12 കേന്ദ്രങ്ങളിലാണ് ഒരേസമയം ഇ.ഡി പരിശോധന നടത്തിയത്. അക്രമ സംഭവത്തെ തുടർന്ന് തലസ്ഥാനത്ത് കനത്ത പോലീസ് ജാഗ്രത തുടരുകയാണ്.