
തിരുവല്ല : തിരുവല്ല റവന്യൂ ടവർ പരിസരത്ത് നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. ട്രഷറി ജീവനക്കാരനായ കല്ലുകൾ കണ്ടാട്ടിൽ വീട്ടിൽ കെ പി മനോജ് കുമാർ (54 ), ആഞ്ഞിലിത്താനം പാമല പറപ്പാട് വീട്ടിൽ പി കെ രാജു (65) പരുമല തിക്കപ്പുഴയിലെ കുടുംബ സുഹൃത്തിനെ കാണാൻ തിരുവല്ലയിൽ എത്തിയ മുംബൈ സ്വദേശി അമൽ മിസ്ത്രി ( 30 ) തിരുവല്ല ബാറിലെ അഭിഭാഷകൻ ഏബ്രഹാം തോമസ് എന്നിവർക്കാണ് കടിയേറ്റത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ റവന്യൂ ടവറിന്റെ പ്രധാന കവാടത്തിന് മുമ്പിലായിരുന്നു സംഭവം. റവന്യൂ ടവറിന് മുമ്പിലായി പ്രവർത്തിക്കുന്ന ട്രഷറിയുടെ സമീപം വെച്ച് മനോജിനാണ് ആദ്യം കടിയേറ്റത്. ഇയാളുടെ ഇടതു കൈപ്പത്തിയും ഇടതുകാലിന്റെ പാദവും നായ കടിച്ചു പറിച്ചു. മനോജ് ബഹളം വെച്ചതിന് തുടർന്ന് ഓടിയ നായ റവന്യൂ ടവറിൽ നിന്നും പുറത്തേക്ക് ഇറങ്ങി വരികയായിരുന്ന രാജുവിനെ ആക്രമിക്കുകയായിരുന്നു. രാജുവിന്റെ കാലിൻ്റെ തുടയുടെ പിൻഭാഗത്താണ് കടിയേറ്റത്.
കയ്യിലിരുന്ന കുട ഉപയോഗിച്ച് അടിച്ചതോടെ നായ ഓടി രക്ഷപ്പെട്ടു. വൈകിട്ട് നാലുമണിയോടെ റവന്യൂ ടവറിന്റെ മുൻവശത്ത് വച്ചാണ് അമലിന് കാലിൻറെ മുട്ടിനു താഴെ കടിയേറ്റത്. തിരുവല്ല ബാറിലെ അഭിഭാഷകൻ ഏബ്രഹാം തോമസിന് ഉച്ചയ്ക്ക് രണ്ട് മണിയോടെ റവന്യൂ ടവറിന് മുമ്പിൽ വെച്ചാണ് കടിയേറ്റത്. നാലു പേരും തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഒരേ നായ തന്നെയാണ് മൂവരയും കടിച്ചത്. നായക്ക് പേവിഷബാധ ഉണ്ടോ എന്ന് സംശയിക്കുന്നതായി കടിയേറ്റവർ പറഞ്ഞു.