Banner Ads

കണ്ണൂർ കുറുമാത്തൂരിൽ തെരുവുനായ ആക്രമണം; വിദ്യാർത്ഥികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്

കണ്ണൂർ : കണ്ണൂരിൽ തെരുവുനായ ആക്രമണം രൂക്ഷം. കുറുമാത്തൂർ പഞ്ചായത്തിലെ പൂമംഗലത്തും മഴൂരിലും തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. യാദവ് കൃഷ്ണ (11), റയാൻ (10) സ്കൂളിലേക്ക് പോകുകയായിരുന്ന ഇരുവരെയും മഴൂരിൽവെച്ചാണ് നായ ആക്രമിച്ചത്.

ഇരുവരുടെയും കാലിനാണ് കടിയേറ്റത്. തുടർന്ന് പൂമംഗലം ഉബൈദ് സ്മാരക വായനശാലക്ക് സമീപത്ത് വച്ച് മകനെ സ്കൂ‌ൾ ബസിൽ കയറ്റി വിട്ട് തിരിച്ചു വരികയായിരുന്ന പി.പി ജിമിന (30)യെ അക്രമിച്ചു. ജിമിനയുടെ കാലിനാണ് കടിയേറ്റത്. ഓടിപ്പോയ നായ ആലയാട് അംഗണവാടിക്ക് സമീപത്ത് വച്ച് സ്കൂൾ വിദ്യാർഥി പി.പി മുഹമ്മദ് സുഹൈൽ(12) നെയും ആക്രമിച്ചു.

നിലത്ത് വീണ സുഹൈലിൻ്റെ ഇടത് കണ്ണിന് മുകളിൽ പുരികത്തിനും കൈ കാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആദ്യം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വാക്സിനേഷൻ നൽകുന്നതിനായി പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി.