Banner Ads

തെരുവുനായ ആക്രമണം: സ്കൂൾ ബസ്സിൽ നിന്നിറങ്ങിയ വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്,

കോഴിക്കോട് : സ്കൂൾ ബസിൽ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനിക്ക് നേരെ വീട്ടുമുറ്റത്ത് വച്ച് പാഞ്ഞടുത്ത് തെരുവ് നായകള്‍. നായകളുടെ ആക്രമണത്തില്‍ നിന്ന് പെണ്‍കുട്ടി രക്ഷപ്പെട്ടത് കഷ്ടിച്ചാണ്. കോഴിക്കോട് ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

തൊടുവയില്‍ അലിയുടെ മകളും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ സജ ഫാത്തിമക്കാണ് ദുരനുഭവമുണ്ടായത്.സ്‌കൂള്‍ വാഹനത്തില്‍ വീടിന് മുന്നില്‍ ഇറങ്ങിയ ശേഷം വീട്ടിലേക്ക് കയറാന്‍ ഗേറ്റ് തുറന്നപ്പോള്‍ അഞ്ചോളം തെരുവ് നായകള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.

ഉടന്‍ തന്നെ ഗേറ്റ് അടച്ച ശേഷം സജ ഫാത്തിമ സമീപത്തെ വീട്ടിലേക്ക് ഓടി.പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്. വിദ്യാര്‍ത്ഥികളാണ് മിക്കപ്പോഴും ആക്രമിക്കപ്പെടുന്നത്.