Banner Ads

‘2018-ലെ നിലപാടിൽ ഉറച്ചുനിൽക്കുന്നു’: സുകുമാരൻ നായർക്ക് മറുപടി നൽകി പന്തളം കൊട്ടാരം

പത്തനംതിട്ട: ശബരിമല ആചാര സംരക്ഷണത്തിൽ നിന്ന് പന്തളം കൊട്ടാരം പിന്നോട്ട് പോയെന്ന എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രസ്താവന ശരിയല്ലെന്ന് പന്തളം കൊട്ടാരം പ്രതികരിച്ചു.

പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് എൻ. ശങ്കർ വർമ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. “2018-ലെ നിലപാട് എങ്ങനെയോ അതിൽ നിന്ന് ഒട്ടുംതന്നെ പിൻവാങ്ങിയിട്ടില്ല. ആചാരങ്ങളും പൂജകളും വൈദിക രീതിയിൽ തന്നെ നിലനിൽക്കണം. അതിൽ മാറ്റം വരുത്താൻ പാടില്ലെന്നതാണ് ഇപ്പോഴുമുള്ള ഞങ്ങളുടെ നിലപാട്,” അദ്ദേഹം അറിയിച്ചു.

നിർവാഹകസംഘം കമ്മിറ്റിയംഗം പി.എൻ. നാരായണ വർമ്മയും സുകുമാരൻ നായരുടെ പ്രസ്താവനയോട് വിയോജിച്ചു. ആചാര സംരക്ഷണത്തിൽ പന്തളം കൊട്ടാരം എന്നും ഭക്തർക്കൊപ്പമുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, “എൻ.എസ്.എസ്. 2018-ൽ വളരെയധികം കാര്യങ്ങൾ ചെയ്തിരുന്നു. ഇപ്പോൾ എന്തുകൊണ്ട് ആ നിലപാട് മാറിയെന്ന് അറിയില്ല. അതിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടാകാം” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻ.എസ്.എസ്. നിലപാട് അതേസമയം, വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കുന്നത് സമദൂര നിലപാടിലെ ശരി കണ്ടെത്തിയാണെന്നാണ് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നേരത്തെ പ്രതികരിച്ചത്.

സർക്കാരുകളുടെ തെറ്റായ നയങ്ങളെയാണ് എൻ.എസ്.എസ്. എന്നും എതിർത്തിട്ടുള്ളത്. ശരി ചെയ്യുമ്പോൾ അതിനെ ശരിയെന്ന് പറയാറുണ്ട്. വിശ്വാസ വിഷയത്തിൽ സർക്കാർ തെറ്റ് തിരുത്തി, ശരിയുടെ പാതയിലാണ്. പിന്നീടൊരിക്കലും യുവതികളെ പ്രവേശിപ്പിച്ചില്ല. ശബരിമല വികസനത്തിന് കാര്യക്ഷമമായ പദ്ധതികൾ ആവിഷ്കരിക്കുന്നു. ഇതെല്ലാം സ്വാഗതാർഹമായ കാര്യങ്ങളാണെന്നും സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു.