
തിരുവനന്തപുരം : വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അനധികൃതമായി വ്യാജമദ്യം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി. കൊച്ചിയിലെ ഓഫീസിലെത്തി എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആന്റോയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് പിന്നാലെ സർക്കാരിനെയും എക്സൈസ് നടപടിയെയും അഭിനന്ദിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. തട്ടിപ്പുകാരും ക്രിമിനലുകളും മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി മാന്യന്മാരാകാൻ ശ്രമിച്ചതിന്റെ പരിണിതഫലമാണ് കേരളം കാണുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
മാധ്യമ മുതലാളിമാരായാൽ അതിന്റെ തണലിൽ എന്തും ചെയ്യാമെന്ന് കരുതുന്ന അധമ മാധ്യമപ്രവർത്തനം നടത്തുന്നവർക്കുള്ള താക്കീതാണ് ഈ അറസ്റ്റെന്നും മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പിന് മുൻ ഇടതു സർക്കാരും കൂട്ടുനിന്നുവെന്നും യോഗനാദം മാസികയിൽ എഴുതിയ ലേഖനത്തിൽ വെള്ളാപ്പള്ളി ആരോപിച്ചു.
ആന്റോയുടെ വയനാട്ടിലെ വീട്ടിൽ നിന്ന് 12.75 ലിറ്റർ വ്യാജമദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. മദ്യം കണ്ടെടുത്ത വീട് ആന്റോയുടേതാണെന്ന് തെളിയിക്കുന്ന 2025ലെ നികുതി അടച്ച രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കോടതി നടപടികൾ പൂർത്തിയാക്കി രാത്രിയോടെയാണ് പ്രതിയെ ജയിലിലേക്ക് മാറ്റിയത്.