Banner Ads

തമിഴ്‌നാട്ടിൽ കായിക വിപ്ലവം; ചെന്നൈയിൽ ലോകോത്തര ഒളിമ്പിക് സിറ്റി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

ചെന്നൈ : തമിഴ്‌നാടിന്റെ കായിക മേഖലയിൽ ചരിത്രപരമായ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി തലസ്ഥാനമായ ചെന്നൈയിൽ ലോകോത്തര നിലവാരത്തിലുള്ള തമിഴ്‌നാട് ഒളിമ്പിക് സിറ്റിയും പ്രത്യേക മോട്ടോർ സ്‌പോർട്‌സ് സിറ്റിയും നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്. നിയമസഭയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.

തമിഴ്‌നാട് സ്‌പോർട്‌സ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും ഒളിമ്പിക് സിറ്റി യാഥാർത്ഥ്യമാക്കുക. അത്യാധുനിക കായിക സ്റ്റേഡിയങ്ങൾ, വിദേശനിലവാരത്തിലുള്ള പരിശീലന ഉപകരണങ്ങൾ, ഹൈ പെർഫോമൻസ് ട്രെയിനിംഗ് സെന്റർ, സ്‌പോർട്‌സ് സയൻസ്-സ്‌പോർട്‌സ് മെഡിസിൻ സെന്ററുകൾ, പരിശീലകർക്കും കായികതാരങ്ങൾക്കുമുള്ള താമസം എന്നിവ അടങ്ങുന്ന ഒരു ഏകീകൃത കായിക ഹബ്ബായിരിക്കും ഇത്.

ഒളിമ്പിക്‌സ് അടക്കമുള്ള അന്താരാഷ്ട്ര കായികമേളകളിൽ സംസ്ഥാനത്ത് നിന്നുള്ള താരങ്ങൾക്ക് കൂടുതൽ മെഡലുകൾ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, ഫോർമുല 1 മുതൽ ഫോർമുല 4 വരെയുള്ള അന്താരാഷ്ട്ര റേസുകൾക്ക് ആതിഥേയത്വം വഹിക്കാൻ പ്രാപ്തിയുള്ള പ്രത്യേക മോട്ടോർ സ്‌പോർട്‌സ് സിറ്റിയും ചെന്നൈയിൽ സ്ഥാപിക്കും.

2028ഓടെ ഫോർമുല 1 ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും എഫ്എംഎസ്സിഐയുടെയും നീക്കങ്ങൾക്ക് തമിഴ്‌നാട് സർക്കാരിന്റെ പുതിയ പ്രഖ്യാപനം വലിയ ഊർജ്ജം പകരും.