
തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായിക മേളയിലെ വിജയികൾക്ക് ഇനി സ്വർണ കപ്പ് സമ്മാനമായി നൽകും. സ്കൂള്‍ കലോത്സവത്തിന്റെ മാതൃകയിൽ കായിക പ്രതിഭകള്‍ക്കും സ്വർണ കപ്പ് നൽകാൻ സർക്കാർ തീരുമാനിച്ചു. ഏറ്റവും കൂടുതൽ പോയിന്റ് നേടി മുന്നിലെത്തുന്ന ജില്ലയ്ക്ക് 117.5 പവന്റെ സ്വർണ കപ്പ് നൽകും. സ്കൂൾ കായികമേളയ്ക്ക് സ്വർണ കപ്പ് നിർമ്മിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ അനുമതി നൽകി ഉത്തരവിറക്കി.
കപ്പ് നിർമ്മാണത്തിനുള്ള തുക സ്പോൺസർഷിപ്പ് പണവും നേരത്തെ ശാസ്ത്രമേളയ്ക്കായി വിദ്യാർഥികളിൽ നിന്ന് പിരിച്ചെടുത്തെങ്കിലും നിർമ്മിക്കാതെ പോയ കപ്പിനായുള്ള തുകയും ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ശാസ്ത്രമേളയ്ക്ക് ഒരു കിലോ തൂക്കമുള്ള സ്വർണ കപ്പ് നൽകാനാണ് അന്ന് വിദ്യാർഥികളിൽ നിന്ന് ധനശേഖരണം നടത്തിയത്. തിരുവനന്തപുരത്ത് വച്ചാണ് ഈ വർഷത്തെ സ്കൂള്‍ കായിക മേള.