Banner Ads

മണിക്കൂറിൽ 350 കി മീ വേഗത; അടുത്ത ബുള്ളറ്റ് ട്രെയിൻ അതുക്കും മേലെ, മാസ്സ് പ്രഖ്യാപനവുമായി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതിയായ മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതയുടെ നിർമാണം പുരോഗമിക്കുന്നതിനിടെ, രാജ്യത്തെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന അടുത്ത അതിവേഗ ട്രെയിനുകൾ മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിലായിരിക്കും കുതിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ സൂപ്പർഫാസ്റ്റ് ബുള്ളറ്റ് ട്രെയിനിന്റെ ഡിസൈൻ പ്രവൃത്തികൾ അടുത്ത ആറ് മാസത്തിനകം തന്നെ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിച്ചുള്ള രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പാതയ്ക്കായി പൊതുമേഖലാ സ്ഥാപനമായ ബെമലും ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയും ചേർന്നാണ് ട്രെയിനുകൾ നിർമിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഓടുന്ന ബി-28 ബുള്ളറ്റ് ട്രെയിനുകൾക്ക് മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയാണുണ്ടാകുക.