
ദില്ലി : വനിതാ സംവരണം, മണ്ഡല പുനർനിർണയം എന്നിവ മാത്രം അജണ്ടയാക്കിക്കൊണ്ട് പാർലമെന്റിന്റെ പ്രത്യേക സിറ്റിങ് അടുത്ത മാസം മൂന്നാം വാരത്തോടെ വിളിച്ചുചേർക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇതുവരെ ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ല.
പ്രത്യേക സിറ്റിങ് പെട്ടെന്ന് ചേരാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് സഭ പിരിച്ചുവിടാതിരുന്നതെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. വിഷയത്തിൽ സർവകക്ഷി യോഗം വിളിച്ച് പ്രതിപക്ഷവുമായി കൂടിയാലോചിച്ച ശേഷം മാത്രമേ പ്രത്യേക സിറ്റിങ്ങിൽ അന്തിമ തീരുമാനമെടുക്കാവൂ എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ബ്രിക്സ് ഉച്ചകോടി സന്ദർശനത്തിന് ശേഷമാകും പ്രത്യേക സിറ്റിങ് നടത്തുന്നതിനെക്കുറിച്ച് അന്തിമ പ്രഖ്യാപനമുണ്ടാകുക. വിഷയത്തിൽ ഭരണഘടന ഭേദഗതി ആവശ്യമായതിനാൽ സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം അത്യാവശ്യമാണ്. ഡിഎംകെ, ശരദ് പവാറിന്റെ എൻസിപി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ പിന്തുണ ലഭിക്കുമെന്ന് ഉറപ്പാക്കിയ ശേഷമേ നടപടികളുമായി മുന്നോട്ടുപോകൂ.