
ഇരിട്ടി: ഇരിട്ടി പാലത്തിന് സമീപം ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനും വേണ്ടി ഡിവൈഡറുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു തുടങ്ങി.ഇരിട്ടിയിലെ സ്വകാര്യസ്ഥാപനമാണ് ഇവിടെ ഡിവൈഡർ സ്ഥാപിക്കാൻ മുന്നോട്ട് വന്നത്.
പഞ്ചായത്തിന്‍റെയും ഇരിട്ടി പോലീസിന്‍റെയും പൊതുമരാമത്തിന്‍റെയും അനുവാദത്തോടെയാണ് ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നത്.സ്ഥലത്തെ അപകടാവസ്ഥ ചൂണ്ടിക്കാണിച്ച് പലതവണ വാർത്തകള്‍ വന്നിട്ടും പൊതുമരാമത്ത് വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കാതെ വന്നതോടെയാണ് സ്വകാര്യ സ്ഥാപന ഉടമ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ടുവന്നത്.
ഇവിടുത്തെ അപകട സാധ്യത പരിഗണിച്ച് പോലീസും പായം പഞ്ചായത്തും പച്ചകൊടി കാണിച്ചതോടെയാണ് പ്രവൃത്തികള്‍ വേഗത്തില്‍ ആയത്. സമാനമായ അവഗണനയാണ് ഇരിട്ടി ടൗണിലെ വഴിവിളക്കുകളുടെ കാര്യത്തിലും പൊതുമരാമത്ത് വകുപ്പിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്.
ഒടുവില്‍ നഗരസഭ ഇടപെട്ട് അനുമതി വാങ്ങി സ്വകാര്യ സ്ഥാപനത്തിന്‍റെ സഹായത്തോടെ പുതിയ വഴിവിളക്കുകള്‍ ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂർത്തിയാകുമെന്ന് ബന്ധപ്പെട്ട കരാറുകാരൻ അറിയിച്ചു.