
തിരുവനന്തപുരം : തിരുവോണ നാളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പുലർച്ചെ മുതൽ തന്നെ പലയിടത്തും മഴ പെയ്തു തുടങ്ങിയിട്ടുണ്ട്.
അതേസമയം, കേരളത്തിൽ കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും നിർദ്ദേശങ്ങൾ നൽകി. യെല്ലോ അലർട്ട് നിലനിൽക്കുന്ന ജില്ലകളിലും സമീപ പ്രദേശങ്ങളിലുമുള്ള വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.
മുന്നറിയിപ്പുകൾ പിൻവലിക്കുന്നതുവരെ നിയന്ത്രണങ്ങൾ തുടരും. മണ്ണിടിച്ചിലും ഉരുൾപൊട്ടലും സാധ്യതയുള്ള മലയോര പ്രദേശങ്ങളിലേക്ക് മഴ ശമിക്കുന്നതുവരെ യാത്രാ നിയന്ത്രണമുണ്ടാകും. റോഡുകളിൽ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കാനും നിർദ്ദേശമുണ്ട്.