
പാലക്കാട് : നെല്ല് സംഭരിക്കാൻ 31 സഹകരണ സംഘങ്ങൾ സന്നദ്ധത അറിയിച്ചതായി മന്ത്രി വിഎൻ വാസവൻ. സഹകരണ ബാങ്കുകൾ വഴി നെല്ല് സംഭരിക്കുന്നത് ചർച്ച ചെയ്യാൻ ചേർന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. സർക്കാർ മുന്നോട്ട് വെച്ച നിർദേശങ്ങൾ സഹകരണ സംഘങ്ങൾ സ്വാഗതം ചെയ്തതായും മന്ത്രി അറിയിച്ചു.
ഗോഡൗൺ ഇല്ലാത്ത സംഘങ്ങൾക്ക് ആവശ്യമായ സൗകര്യം സർക്കാർ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ബാങ്കുകൾ സംഭരിക്കുന്ന നെല്ല് മില്ലുകൾക്ക് കൈമാറും. നെല്ല് സംഭരിച്ച് ഒരാഴ്ചയ്ക്കകം തന്നെ കർഷകർക്ക് പണം നൽകും. സപ്ലൈകോയ്ക്ക് നിലവിൽ ആവശ്യമായ ഫണ്ട് ഉണ്ട്. ഫണ്ട് പ്രശ്നം ഉണ്ടാകുന്ന പക്ഷം കേരള ബാങ്ക് സഹകരണ സംഘങ്ങൾക്ക് സഹായം നൽകും.
നെല്ല് സംഭരണം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ഒരു സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി യോഗം ചേർന്ന് സൗകര്യപ്രദമായ ഗോഡൗണുകൾ രണ്ട് ദിവസത്തിനകം കണ്ടെത്തും. സംസ്ഥാനത്തെ നെല്ല് സംഭരണത്തിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാരിന്റെ 1400 കോടി രൂപയുടെ കുടിശ്ശികയാണ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.