
ആലപ്പുഴ: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സ്വീകരിച്ച നിലപാട് ശരിയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഎസ്എസിൻ്റെ ഈ നിലപാട് വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതീപ്രവേശന വിഷയത്തിൽ എൻഎസ്എസ് സ്വീകരിച്ച നിലപാടിനോട് എസ്എൻഡിപിക്കും യോജിപ്പാണെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. “എൻഎസ്എസിന്റേത് വിഷയാധിഷ്ഠിത നിലപാടാണ്. സുകുമാരൻ നായർ പറഞ്ഞതാണ് ശരി. എൻഎസ്എസ് ഇനി സർക്കാരിനെ എതിർക്കേണ്ടതില്ല. എൻഎസ്എസ് സമദൂരം ആണോ ശരിദൂരം ആണോ എന്ന് എനിക്കറിയില്ല. നേര് നേരെ പറയണം. ശരി ആര് പറഞ്ഞാലും അംഗീകരിക്കും,” അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിൽ സർക്കാരിനെ വിശ്വസിക്കാമെന്നും, പഴയ ആചാരങ്ങൾക്കനുസരിച്ച് സർക്കാർ പ്രവർത്തിക്കുന്നത് ജനവികാരം മാനിച്ചുകൊണ്ടാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. എൻഎസ്എസ് നേതൃത്വം വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സർക്കാരിനെ എതിർത്തിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.