
കണ്ണൂർ : തളിപ്പറമ്പ് പട്ടുവത്ത് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പട്ടുവം മുതുകുടയിലെ നബീസ (70) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ വെച്ചാണ് പാമ്പുകടിയേറ്റത്. ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്റിവെനം നൽകിയിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് രാവിലെ മരിച്ചു.
ശംഖുവരയൻ പാമ്പാണ് കടിച്ചത് എന്നാണ് സംശയം. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് നാല് പേരാണ് മരിച്ചത്. അതേസമയം എറണാകുളം ചെറായിയിലെ റിസോർട്ടിൽ താമസിക്കാനെത്തിയ കോയമ്പത്തൂർ സ്വദേശിനി ശർമിളയ്ക്ക് പാമ്പുകടിയേറ്റു. കാലിന്റെ വിരലിലാണ് കടിയേറ്റത്. ഇവരെ ആദ്യം പറവൂർ താലൂക്ക് ആശുപത്രിയിലും തുടർ ചികിത്സയ്ക്കായി മഞ്ഞലിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
ഏത് പാമ്പാണ് കടിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലം രാമൻകുളങ്ങരയിൽ പറമ്പ് വൃത്തിയാക്കുന്നതിനിടെ സുദേവൻ എന്നയാൾക്ക് പാമ്പുകടിയേറ്റു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. എങ്കിലും 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരും.