
ചെന്നൈ : തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ ഭർത്താവുമായുണ്ടായ തർക്കത്തിന് പിന്നാലെ ഭാര്യയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുല്ലാരംപാക്കം സ്വദേശി മോണിക്ക (23) ആണ് മരിച്ചത്. എസി വാങ്ങുന്നതിനെ ചൊല്ലി രാത്രിയിൽ മോണിക്കയും ഭർത്താവ് ആകാശും (26) തമ്മിൽ തർക്കം ഉണ്ടായി.
പിന്നാലെ താനും അച്ഛനമ്മമാരും സഹോദരനും രാത്രി ടെറസിൽ ആണ് ഉറങ്ങിയതെന്ന് ആകാശ് പറഞ്ഞു. രാവിലെ താഴെ എത്തിയപ്പോൾ മോണിക്കയുടെ മുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മോണിക്കയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വസ്ത്രവില്പനശാലയിൽ ജീവനക്കാരായിരുന്നു ഇരുവരും.
മോണിക്കയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അച്ഛനമ്മമാർ പരാതിപ്പെട്ടതിനെത്തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി. മൂന്ന് വർഷം മുൻപായിരുന്നു ഇവരുടെയും വിവാഹം. സഹപാഠികളായിരുന്ന ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.