Banner Ads

ദേശാടന പക്ഷികളുടെ കായലിൽ കുട്ടവഞ്ചി സവാരി വരുന്നു; ചേലൂർ കായൽ വികസനത്തിന് തുടക്കം

തിരുവനന്തപുരം : ശാസ്താംകോട്ടയുടെ കിഴക്കേയറ്റത്തുള്ള ചേലൂർ കായലിനെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കാൻ ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്. ദേശാടന പക്ഷികൾ സ്ഥിരമായി എത്തുന്നതും സ്വാഭാവിക പ്രകൃതിഭംഗിയുള്ളതുമായ ഈ പ്രദേശം ഇക്കോ ടൂറിസം സാധ്യതകൾക്ക് ഏറെ പേരുകേട്ടതാണ്.

സർക്കാരിൻ്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി ടൂറിസം വകുപ്പും പഞ്ചായത്തും ചേർന്നാണ് വികസനം സാധ്യമാക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി അഞ്ച് കോടി രൂപയുടെ പദ്ധതിയാണിത്. പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്ന് 96 ലക്ഷം രൂപയും ടൂറിസം വകുപ്പിൽ നിന്ന് 50 ലക്ഷം രൂപയും വകയിരുത്തിയാണ് അടിസ്ഥാന പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

പ്രകൃതി സൗഹൃദ താമസ സൗകര്യങ്ങൾ, ബോട്ടിംഗ് ഉൾപ്പെടെയുള്ള വാട്ടർ സ്പോർട്‌സ്, കുട്ടവഞ്ചി സവാരി, കുട്ടികൾക്കായുള്ള പാർക്ക് എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കും.ആദ്യ ഘട്ടത്തിൽ അഡ്മിൻ ബ്ലോക്ക്, നടപ്പാത, തടി കൊണ്ടുള്ള മേൽത്തട്ട് എന്നിവയ്ക്ക് അംഗീകാരം ലഭിച്ചു.

ടിക്കറ്റ് കൗണ്ടർ, ഓഫീസ് സൗകര്യങ്ങൾ, ശൗചാലയം, വിശ്രമസ്ഥലം, ലഘുഭക്ഷണശാല എന്നിവ ഇവിടെ ക്രമീകരിക്കും. ഇരുന്നൂറ് മീറ്റർ നീളമുള്ള നടപ്പാതയും അതിൻ്റെ ഇരുവശങ്ങളിലും ചൈനീസ് മാതൃകയിലുള്ള അലങ്കാര വിളക്കുകളും സ്ഥാപിക്കും. 478 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പരിസ്ഥിതി സൗഹൃദ നിർമ്മാണ പ്രവർത്തനങ്ങളാണ് നടപ്പാക്കുക.