
ദില്ലി : രാജ്യത്ത് മുട്ടവില സർവകാല റെക്കോർഡിലേക്ക്. കഴിഞ്ഞ ആറ് മാസത്തിനിടെ മുട്ടയ്ക്ക് 10 മുതൽ 50 ശതമാനം വരെ വില വർധിച്ചതായി കൺസ്യൂമർ സർവേ പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിൾസ് പുറത്തുവിട്ട പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
കോഴിത്തീറ്റയുടെ അമിതവിലയും വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളുമാണ് ഉപഭോക്താക്കളെ വലയ്ക്കുന്ന വിലക്കയറ്റത്തിന് കാരണം. ഫാമുകളിൽ നിന്നുള്ള വിൽപന നിരക്കിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35 മുതൽ 40 ശതമാനം വരെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
മുൻപ് 4.94 രൂപയുണ്ടായിരുന്ന ഫാം വില നിലവിൽ ഏഴ് രൂപയായി ഉയർന്നു. ചില്ലറ വിപണിയിൽ ഒരു മുട്ടയ്ക്ക് ശരാശരി 8.50 മുതൽ 9 രൂപ വരെ നൽകണം. ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിരക്ക് 14 രൂപ വരെ എത്തിനിൽക്കുകയാണ്.
നാഷണൽ എഗ്ഗ് കോർഡിനേഷൻ കമ്മിറ്റിയുടെ കണക്കുകൾ പ്രകാരം 100 മുട്ടയ്ക്ക് 2025 സെപ്റ്റംബറിൽ 558 രൂപയായിരുന്നത് ഡിസംബറോടെ 686 രൂപയായി ഉയർന്നിരുന്നു. പ്രധാന നഗരങ്ങളിൽ ഇത് നിലവിൽ 800 രൂപ കടന്നു.
രാജ്യത്തെ ചില്ലറ ഭക്ഷ്യവിലക്കയറ്റ നിരക്ക് ഉയർന്നതും ഇതിൽ പ്രതിഫലിപ്പിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയിൽ വലിയ മാറ്റമാണുണ്ടായിട്ടുള്ളത്.
സർവേയിൽ പങ്കെടുത്ത 19638 പേരിൽ 48 ശതമാനവും മുട്ട വാങ്ങുന്നതിന്റെ അളവും തവണകളും കുറച്ചതായി വ്യക്തമാക്കി. 10 ശതമാനം പേർ വില കുറഞ്ഞ മറ്റ് ബദലുകൾ തേടിയപ്പോൾ 37 ശതമാനം പേർ ഉപയോഗത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് അറിയിച്ചു.