
കണ്ണൂർ : മുൻ ആരോഗ്യമന്ത്രി വീണ ജോർജിന് നേരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകർ ആക്രമണം നടത്തിയിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അന്വേഷണ മേധാവി യു പ്രേമൻ ഇത് സംബന്ധിച്ച റിപ്പോർട്ട് ഡിജിപിക്ക് കൈമാറി.
സംഭവസ്ഥലത്ത് നടന്ന പ്രതിഷേധത്തെ പെരുപ്പിച്ചു കാട്ടുകയായിരുന്നുവെന്നും കെഎസ്യു പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്തെത്താൻ പോലും സാധിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്താൻ കാരണമായ മന്ത്രിയുടെ ഗൺമാൻ അഭിലാഷിന്റെ മൊഴി മാറ്റമാണ് കേസിൽ വഴിത്തിരിവായത്.
ആയുധങ്ങൾ ഉപയോഗിച്ച് മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന ആദ്യ മൊഴി എസ്ഐടിക്ക് മുന്നിൽ ഇയാൾ തിരുത്തി. മന്ത്രി വീണ ജോർജിനെ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നും അവരുടെ നിർദ്ദേശപ്രകാരമാണ് തെറ്റായ മൊഴി നൽകിയതെന്നും ഗൺമാൻ വെളിപ്പെടുത്തി. ആക്രമണത്തിന് ഉപയോഗിച്ചുവെന്ന് പറയുന്ന ആയുധങ്ങൾ കണ്ടെത്താനും പോലീസിന് കഴിഞ്ഞിരുന്നില്ല.
റെയിൽവേ സ്റ്റേഷനിൽ പോലീസും കെഎസ്യു പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും മാത്രമാണ് നടന്നതെന്നും റിപ്പോർട്ടിലുണ്ട്. പെരിങ്ങോത്ത് വച്ച് വീണ ജോർജിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീർ ഇക്ബാലിനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചതിലുള്ള പ്രതിഷേധമാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പടർന്നത്.
ഇതിനുപിന്നാലെ യാത്ര റദ്ദാക്കി ആശുപത്രിയിൽ പ്രവേശിച്ച മന്ത്രിയെ കാണാൻ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. അന്ന് അറസ്റ്റിലായ അഞ്ച് കെഎസ്യു പ്രവർത്തകർ രണ്ടാഴ്ചത്തെ റിമാൻഡിന് ശേഷമാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഗൺമാന്റെ വെളിപ്പെടുത്തലും എസ്ഐടിയുടെ പുതിയ റിപ്പോർട്ടും കേസിൽ തിരിച്ചടിയായിരിക്കുകയാണ്.