
ദില്ലി : കണ്ണൂർ തലശ്ശേരി ഷുഹൈബ് വധക്കേസിലെ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയാണ് ജസ്റ്റിസ് കെ വി വിശ്വനാഥൻ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
വിചാരണ നടപടികൾ വൈകിപ്പിക്കാനുള്ള പ്രതികളുടെ നീക്കമാണിതെന്ന സർക്കാരിന്റെ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. 2018 ഫെബ്രുവരിയിലാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരായ 17 പേരാണ് കേസിലെ പ്രതികൾ.
വിചാരണ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ പരമോന്നത കോടതിയെ സമീപിച്ചത്. എന്നാൽ സർക്കാരിന്റെ എതിർപ്പിനെത്തുടർന്ന് വിചാരണ വിചാരണക്കോടതിയിൽ തന്നെ തുടരാൻ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.