
കൊച്ചി : അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ (ഏപ്രിൽ 28) നടത്തുന്ന സംസ്ഥാനവ്യാപക ഹർത്താലിനോട് സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പിസി ജേക്കബാണ് ഇക്കാര്യം അറിയിച്ചത്.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് പിസി ജേക്കബ് വാർത്താക്കുറിപ്പിൽ പറഞ്ഞു. കേസിലെ പ്രധാന പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതും അന്വേഷണം ഊർജിതമായതും സംഘടന ചൂണ്ടിക്കാട്ടി.
പ്രതികൾക്കെതിരെ നടപടികൾ നടന്നുകൊണ്ടിരിക്കെ ഹർത്താൽ നടത്തി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനോട് യോജിപ്പില്ലെന്നാണ് സമിതിയുടെ നിലപാട്. സംഘടനയിൽ അംഗങ്ങളായിട്ടുള്ള എല്ലാ വ്യാപാരികളും നാളെ പതിവുപോലെ കടകൾ തുറക്കുമെന്ന് പിസി ജേക്കബ് വ്യക്തമാക്കി.