
തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി ഒരാഴ്ചത്തെ മാത്രം കാത്തിരിപ്പ്. ഭരണത്തുടർച്ചയുണ്ടാകുമെന്ന ശക്തമായ ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും. മെയ് 4ന് ഫലം പുറത്തുവന്നാലുടൻ അടുത്ത സർക്കാരിന്റെ രൂപീകരണ നടപടികളിലേക്ക് കടക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായാണ് സൂചനകൾ.
സർക്കാരിന് അനുകൂലമായ ഇന്റലിജൻസ് റിപ്പോർട്ടുകളും പാർട്ടി തലത്തിൽ നടത്തിയ ബൂത്ത് തിരിച്ചുള്ള അവലോകനങ്ങളും എൽഡിഎഫിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. പ്രമുഖ ചാനലുകളെല്ലാം എക്സിറ്റ് പോൾ സർവ്വേകൾ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശമുള്ളതിനാൽ മറ്റ് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയാകുന്ന ഏപ്രിൽ 29ന് ശേഷം മാത്രമേ ഇവ പുറത്തുവിടാൻ സാധിക്കൂ.
വോട്ടെണ്ണൽ മെയ് 4ന് (തിങ്കളാഴ്ച) ആണ് നടക്കുന്നത്. ഭരണം ഉറപ്പായാൽ മെയ് അഞ്ചിനോ ആറിനോ തന്നെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്താനാണ് അനൗദ്യോഗിക നീക്കം.