Banner Ads

കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ ഞെട്ടൽ; മലയാളികൾ ഉൾപ്പെടെ നിരവധി പേർ ആശുപത്രിയിൽ

കുവൈത്ത് സിറ്റി: കുവൈത്ത് വിഷമദ്യ ദുരന്തത്തിൽ മലയാളികൾ ഉൾപ്പെടെ 40 ഇന്ത്യക്കാര്‍ ചികിത്സയിൽ ഉള്ളതായി സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി. ചില മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ഇന്ത്യൻ എംബിസി സ്ഥിരീകരിക്കുമ്പോഴും എണ്ണമടക്കമുള്ള കാര്യത്തിൽ വ്യക്തതയില്ല.

ചിലര്‍ ഗുരുതരാവസ്ഥയിലാണെന്നും മറ്റു ചിലര്‍ സുഖം പ്രാപിച്ച് വരുന്നതായും ഇന്ത്യൻ എംബസി അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച മുതൽ ഇതുവരെയായി 13 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. ചികിത്സയിലുള്ളവരിൽ കൂടുതൽ പേരും മലയാളികളാണെന്നും സൂചനയുണ്ട്. മൊത്തം 63 പേരാണ് ചികിത്സയിലുള്ളത്.

ഇവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 31 പേര്‍ വെന്റിലേറ്ററിലാണ്. 51 പേര്‍ക്ക് അടിയന്തിര ഡയാലിസിസ് പൂര്‍ത്തിയാക്കിയതായും അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. ഇതിൽ 21 പേര്‍ക്കെങ്കിൽ അന്ധതയോ കാഴ്ചക്കുറവോ ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്.

മരിച്ചവരിൽ കൂടുതൽ മലയാളികൾ ഉണ്ടെന്നുള്ളതാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ആന്ധ്ര, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളും മരിച്ചവരിൽ ഉൾപ്പെടുന്നതായി റിപ്പോര്‍ട്ടുകളിൽ പറയുന്നു.