
കാസർകോട് : പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവതിക്കെതിരെ കാസർകോട് പോലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. കണ്ണൂർ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്നേഹ മെർളിൻ (25) എന്ന യുവതിക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
കാസർകോട് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതി. പ്രതിക്കെതിരെ സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതുൾപ്പെടെ നാല് പോക്സോ കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ വർഷം തളിപ്പറമ്പിൽ പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിലായിരുന്നു.
സ്കൂളിൽ വെച്ച് അധ്യാപിക നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറംലോകം അറിഞ്ഞത്. ബാഗിൽനിന്നു ലഭിച്ച മൊബൈൽഫോണിൽ സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിങ്ങിലാണ് പീഡനവിവരം കുട്ടി തുറന്നുപറഞ്ഞത്.