Banner Ads

പാലക്കാട് മഴക്കെടുതി രൂക്ഷം; ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചു, ഭാരതപ്പുഴ തീരവാസികൾക്ക് ജാഗ്രതാ നിർദേശം

പാലക്കാട് : ജില്ലയിൽ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. മഴ കനത്തതോടെ മലമ്പുഴ, നെല്ലിയാമ്പതി ഉൾപ്പെടെയുള്ള ജില്ലയിലെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം അധികൃതർ പൂർണ്ണമായും നിരോധിച്ചു.

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലം ഡാമിന്റെ ആറ് ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ വീതം ഉയർത്തി. തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജിലെ 20 ഷട്ടറുകൾ തുറന്നു. ഭാരതപ്പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

പുതുപ്പള്ളി തെരുവിൽ ഒരു വീട് തകർന്നു വീണു. വീട്ടുകാർ ഓടി മാറിയതിനാൽ അപകടം ഒഴിവായി. ആര്യമ്പാവിൽ വീടിന്റെ 20 അടി നീളമുള്ള മതിൽ നിലംപൊത്തി. അമ്പലപ്പാറ മേലൂരിൽ ജലസംഭരണിയുടെ സംരക്ഷണ ഭിത്തി തകർന്നു വീണു.

അറവക്കാട് ഭാഗത്ത് മൂന്ന് വൈദ്യുതി പോസ്റ്റുകൾ പൊട്ടിവീണു. മണ്ണാർക്കാട് കണ്ണംകുണ്ട് ക്രോസ് വേയിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. അരകുർശി തോട് നിറഞ്ഞുകവിഞ്ഞതോടെ പ്രദേശത്തെ റോഡ് ഗതാഗതം പൂർണ്ണമായി നിലച്ചു.

ഒറ്റപ്പാലം, ചെർപ്പുളശ്ശേരി-ഒറ്റപ്പാലം റോഡ്, വരോട് മരപ്പാലം, അത്താണി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. പത്തൊമ്പതാം മൈലിൽ അലി അസ്കറിന്റെ വീട്ടിൽ വെള്ളം കയറി.