Banner Ads

ഉത്തരേന്ത്യയിൽ പ്രളയക്കെടുതി രൂക്ഷം; ബിഹാറും യു പിയും വെള്ളത്തിനടിയിൽ

ദില്ലി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയും പ്രളയവും തുടരുന്നു. വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബിഹാറിലും ഉത്തർപ്രദേശിലും പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപകടനിലയ്ക്കു മുകളിലാണ്. ബിഹാറിൽ മാത്രം 22 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചിട്ടുള്ളത്.

ഉത്തർപ്രദേശിലും പ്രളയസ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. സർക്കാരാഫീസുകൾ ഉൾപ്പെടെ പലയിടത്തും വെള്ളത്തിനടിയിലായി. ഇരു സംസ്ഥാനങ്ങളിലും പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ മഴ കനത്തതോടെ പ്രധാന ഡാമുകളുടെ ഷട്ടറുകൾ തുറന്നു.

ജമ്മു കശ്മീരിന് പിന്നാലെ ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്കൊപ്പം മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്നുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഐഎംഡി മുന്നറിയിപ്പ്. ബിഹാർ, ഒഡീഷ, പശ്ചിമ ബംഗാൾ, മധ്യപ്രദേശിന്റെയും ഉത്തർപ്രദേശിന്റെയും കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലും മഴ തുടരും.

ആൻഡമാൻ-നിക്കോബാർ, സിക്കിം, തെലങ്കാന എന്നിവിടങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം കേരളത്തിലും മാഹിയിലും ഇന്ന് ഉയർന്ന ചൂടും ഈർപ്പമുള്ള കാലാവസ്ഥയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.