Banner Ads

ഇസ്രോയിൽ കടുത്ത പ്രതിസന്ധി; ശാസ്ത്രജ്ഞരുടെ കൂട്ടവിരമിക്കൽ തടയാൻ അടിയന്തര നടപടിയുമായി കേന്ദ്രം

ഗഗൻയാൻ ഉൾപ്പെടെയുള്ള ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെ പ്രതിസന്ധിയിലാക്കി ഇസ്രൊയിൽ (ISRO) മുതിർന്ന ശാസ്ത്രജ്ഞരുടെയും എഞ്ചിനീയർമാരുടെയും കൂട്ടക്കൊഴിഞ്ഞുപോക്ക്. ഗ്രൂപ്പ് എ സയന്റിഫിക്-ടെക്നിക്കൽ വിഭാഗത്തിൽ നിന്ന് വലിയ തോതിലുള്ള വിരമിക്കൽ അപേക്ഷകൾ ഉയർന്നതോടെ നടപടികളുമായി അധികൃതർ രംഗത്തെത്തി.

അപകടകരമായ സാഹചര്യം മുൻനിർത്തി ജൂലൈ 14ന് ഇസ്രോ അസാധാരണമായ ഒരു ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കി. വിആർഎസ് അപേക്ഷകൾ ഇനി മുതൽ സാധാരണ നടപടിക്രമങ്ങളിലൂടെ പരിഗണിക്കില്ല. കേന്ദ്ര മേധാവിമാർക്ക് വിആർഎസ് അനുവദിക്കാനുള്ള അധികാരം റദ്ദാക്കി.

അപേക്ഷകൾ നേരിട്ട് ഹെഡ്ക്വാർട്ടേഴ്സിലേക്ക് അയക്കണം. പദ്ധതികൾ പൂർത്തിയാകുന്നതുവരെ ഉദ്യോഗസ്ഥരെ പിടിച്ചുനിർത്താൻ നടപടി സ്വീകരിക്കണം. കഴിഞ്ഞ മാസം ബെംഗളൂരുവിലെ ഉപഗ്രഹ വികസന കേന്ദ്രമായ യു ആർ എസ് സിയിൽ നിന്ന് മാത്രം നൂറോളം പേർ വിരമിക്കലിന് അപേക്ഷ നൽകിയതാണ് മെമ്മോറാണ്ടം ഇറക്കാൻ ഇസ്രൊയെ പ്രേരിപ്പിച്ചത്.

വി എസ് എസ് സിയിൽ നിർണായക റോക്കറ്റ് പദ്ധതിയുടെ ചുമതലക്കാരനും ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിലെ യുവ ശാസ്ത്രജ്ഞരുൾപ്പെടെയുള്ളവർ അടുത്തിടെ ജോലി രാജിവെച്ചിരുന്നു. അറ്റോമിക് ക്ലോക്ക് വികസനത്തിൽ നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞൻ രാജ്യം വിട്ട സംഭവവും ഇതിനോട് ചേർത്തു വായിക്കുന്നു.

എൽ ആൻഡ് ടി ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികളിലേക്കും സ്വന്തം സ്റ്റാർട്ടപ്പുകളിലേക്കും വലിയൊരു വിഭാഗം ശാസ്ത്രജ്ഞർ ചേക്കേറുന്നു. കുറഞ്ഞ ജീവനക്കാരുള്ളതിനാൽ അമിതമായ ജോലിഭാരം ഉദ്യോഗസ്ഥരെ മാനസിക സമ്മർദ്ദത്തിലാക്കുന്നു. നിലവിലെ നേതൃത്വത്തിന്റെ പ്രവർത്തനരീതികളിലും നയങ്ങളിലും വലിയൊരു വിഭാഗം ശാസ്ത്രജ്ഞർക്ക് കടുത്ത അതൃപ്തിയുണ്ട്.

മികച്ച പ്രതിഫലം ലഭിക്കാത്തതും വിദേശ അവസരങ്ങളും വലിയൊരു വിഭാഗത്തെ പുറത്തേക്ക് ആകർഷിക്കുന്നു. ഇസ്രൊ നേരിടുന്ന മറ്റൊരു വെല്ലുവിളി മന്ദഗതിയിലായ റിക്രൂട്ട്മെന്റ് നടപടികളാണ്. ഇക്കഴിഞ്ഞ മാർച്ചിൽ പാർലമെന്ററി സമിതി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഇസ്രൊയിൽ 2383 തസ്തികകൾ ഒഴിഞ്ഞുകിടപ്പുണ്ട്.

ഇതിൽ 979 എണ്ണം ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും ഉൾപ്പെടുന്ന ഗ്രൂപ്പ് എ വിഭാഗമാണ്. മികച്ച ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യാൻ കഴിയാത്തതിനാൽ ഐഐടികളിൽ നിന്ന് പോലും പ്രതിഭകളെ റിക്രൂട്ട് ചെയ്യാൻ കഴിയുന്നില്ലെന്നത് മുൻ ചെയർമാന്മാർ നേരത്തെ തന്നെ സമ്മതിച്ചിട്ടുള്ളതാണ്.

രാജ്യത്തിന്റെ അഭിമാന പദ്ധതികൾ മുന്നോട്ട് പോകുമ്പോൾ അനുഭവസമ്പത്തുള്ള വിദഗ്ധരുടെ കൂട്ടക്കൊഴിഞ്ഞുപോക്ക് ഇസ്രോയുടെ ഭാവി പ്രവർത്തനങ്ങളെ വലിയ തോതിൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ. മെമ്മോറാണ്ടത്തെക്കുറിച്ച് ഇസ്രോ ചെയർമാനോട് പ്രതികരണം തേടിയെങ്കിലും ഔദ്യോഗികമായി മറുപടി ലഭ്യമായിട്ടില്ല.