Banner Ads

മുസ്ലിം ലീഗിന്റെ വീട് നിർമാണ പദ്ധതിക്ക് തിരിച്ചടി: നിയമപരമായ തടസ്സങ്ങൾ കാരണം നിർമാണം നിലച്ചു.

വയനാട്: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് മുസ്ലിം ലീഗ് നിർമിച്ചുനൽകുന്ന വീടുകളുടെ നിർമാണം നിയമക്കുരുക്കിൽ. ലാൻഡ് ഡെവലപ്‌മെൻ്റ് പെർമിറ്റ് നടപടിക്രമങ്ങൾ പാലിക്കാതെയാണ് നിർമാണം നടക്കുന്നതെന്ന് ആരോപിച്ച് മേപ്പാടി പഞ്ചായത്ത് സെക്രട്ടറി നിർമാണം നിർത്തിവയ്ക്കാൻ വാക്കാൽ നിർദേശം നൽകിയിരിക്കുകയാണ്.

നിർമാണം തുടർന്നാൽ സ്റ്റോപ്പ് മെമ്മോ നൽകുമെന്നും സെക്രട്ടറി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഒരു രാത്രികൊണ്ട് നാനൂറിലധികം വീടുകളും മനുഷ്യരും ഇല്ലാതായ മുണ്ടക്കൈ ഉരുൾപൊട്ടലിന് ശേഷം, ദുരിതബാധിതരെ സഹായിക്കാൻ പല സംഘടനകളും മുന്നോട്ടുവന്നിരുന്നു. സർക്കാർ നേതൃത്വത്തിലുള്ള ടൗൺഷിപ്പ് നിർമാണം കൽപ്പറ്റ എസ്റ്റേറ്റിൽ പുരോഗമിക്കുന്നതിനിടെ, 20 കുടുംബങ്ങൾക്ക് വീടുകൾ നൽകാൻ സന്നദ്ധ സംഘടനകൾക്ക് കഴിഞ്ഞിട്ടുണ്ട്.

എന്നാൽ, സ്വന്തം നിലയിൽ വീടുകൾ നിർമിക്കുമെന്ന് പ്രഖ്യാപിച്ച രാഷ്ട്രീയ പാർട്ടികൾക്കും യുവജന സംഘടനകൾക്കും ഇത് എത്രത്തോളം പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന ചോദ്യം ഉയരുന്നതിനിടെയാണ് മുസ്ലിം ലീഗിൻ്റെ പദ്ധതിക്ക് ഈ പുതിയ തടസ്സം നേരിട്ടത്.