
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്ക്ക് മദ്രാസ് ഹൈക്കോടതിയിൽ തിരിച്ചടി. പെരമ്പൂർ മണ്ഡലത്തിൽ നിന്നുള്ള വിജയ്യുടെ വിജയത്തിനെതിരായ തെരഞ്ഞെടുപ്പ് ഹർജി തള്ളണമെന്ന ആവശ്യം കോടതി നിരസിച്ചു. ഇതോടെ ഹർജിയിൽ തുടർനടപടികളും വിചാരണയും മുന്നോട്ട് പോകുമെന്ന് വ്യക്തമായി.
പെരമ്പൂർ മണ്ഡലത്തിലെ വോട്ടറായ എസ് ദിനേശ് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. വിജയ്യുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ 30 കോടി രൂപയ്ക്ക് ഭൂമി വാങ്ങിയതും 35 കോടി രൂപയുടെ വസ്തു വിറ്റതും ഉൾപ്പെടെയുള്ള സ്വത്ത് വിവരങ്ങളും വരുമാനവും മറച്ചുവെച്ചുവെന്നാണ് ദിനേശിന്റെ ആരോപണം.
ഈ ആരോപണങ്ങൾ വിജയ് നിഷേധിച്ചിരുന്നെങ്കിലും തെളിവുകൾ പരിശോധിക്കാൻ വിചാരണ അനിവാര്യമാണെന്ന് നിരീക്ഷിച്ച കോടതി വിജയ്യുടെ തടസ്സഹർജി തള്ളുകയായിരുന്നു. അതേസമയം, വിജയ് രാജിവെച്ചൊഴിഞ്ഞ തിരുച്ചി ഈസ്റ്റ് ഉൾപ്പെടെയുള്ള മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നടപടികൾ ഇനിയും വൈകും.
തിരുച്ചി ഈസ്റ്റ്, വിരാലിമലൈ, കരൂർ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള വിലക്ക് നീക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തയ്യാറായില്ല. ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഹർജികളിൽ അന്തിമ തീർപ്പ് വന്നതിന് ശേഷം മാത്രമേ ഉപതെരഞ്ഞെടുപ്പ് നടത്താൻ സാധിക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി.