Banner Ads

കൊലപാതക രാഷ്ട്രീയം അംഗീകരിക്കാനാവില്ല; മധുസൂദനന്റെ പ്രസംഗം തള്ളി എം വി ഗോവിന്ദനും ബിനോയ് വിശ്വവും

പയ്യന്നൂർ : സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി ഐ മധുസൂദനൻ പയ്യന്നൂരിൽ നടത്തിയ കൊലവിളി പ്രസംഗത്തിനെതിരെ ശക്തമായ നിലപാടുമായി സിപിഐ-സിപിഎം നേതൃത്വങ്ങൾ. കൊലപാതക രാഷ്ട്രീയവും കൊലവിളിയും ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വ്യക്തമാക്കി.

പ്രസംഗത്തിനെതിരെ പാട്യം ഗോപാലന്റെ മകൻ എൻ പി ഉല്ലേഖും അതിരൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. രാഷ്ട്രീയത്തിന്റെ വഴി കൊലപാതകമല്ലെന്നും ആശയത്തിന്റേതാണെന്നും ബിനോയ് വിശ്വം പറഞ്ഞു. നീതിക്കുവേണ്ടിയാണ് കമ്മ്യൂണിസ്റ്റുകാർ നിലകൊള്ളേണ്ടത്. കൊലയുടെ വഴിയല്ല നല്ല രാഷ്ട്രീയത്തിന്റെ വഴിയെന്ന് പാർട്ടിക്ക് ബോധ്യമുണ്ട്.

കൊലവിളിയും അതിന്റെ മഹത്വം പറയുന്നതുമല്ല രാഷ്ട്രീയം. എന്ത് കാരണം പറഞ്ഞാലും അത് തെറ്റായ വഴിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്മ്യൂണിസ്റ്റുകാർ മൂല്യബോധമുള്ളവരാകണമെന്നും അപചയങ്ങൾ ഉണ്ടായ ശേഷം പറഞ്ഞിട്ട് കാര്യമില്ലെന്നും ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു. മൂല്യങ്ങൾ മറന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി വെറും പുറംതോടായി മാറുമെന്നും ഈ കാലഘട്ടത്തിന് ആവശ്യം അതല്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

ടി ഐ മധുസൂദനന്റെ പ്രസംഗത്തെ പൂർണ്ണമായും തള്ളിപ്പറഞ്ഞ എം വി ഗോവിന്ദൻ കൊലപാതക രാഷ്ട്രീയം പാർട്ടി നിലപാടല്ലെന്ന് വ്യക്തമാക്കി. തൃശ്ശൂർ സമ്മേളനത്തിൽ തന്നെ ഇക്കാര്യം പാർട്ടി വ്യക്തമാക്കിയതാണ്. കൊലയ്ക്ക് പകരം കൊല എന്ന രീതി സിപിഎം ഉപേക്ഷിച്ചതാണെന്നും കേരളത്തിൽ ഇനിയൊരു രാഷ്ട്രീയ കൊലപാതകവും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സമാനമായ രീതിയിലുള്ള കടന്നാക്രമണമാണ് മുഖ്യമന്ത്രിയും നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയ എം വി ഗോവിന്ദൻ എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാത്തതെന്നും ചോദിച്ചു. ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെയാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടി ഐ മധുസൂദനന്റെ പ്രസംഗത്തിനെതിരെ കടുത്ത ഭാഷയിലാണ് പാട്യം ഗോപാലന്റെ മകൻ എൻ പി ഉല്ലേഖ് വിമർശനമുന്നയിച്ചത്.

ആ പ്രസംഗം പ്രാകൃതവും സ്വയം വളരാൻ വിസമ്മതിക്കുന്ന ഒരു മനുഷ്യന്റെ ശബ്ദവുമാണെന്ന് എൻ പി ഉല്ലേഖ് പറഞ്ഞു. പ്രസംഗത്തെ അനുകൂലിക്കുന്നവർ തികഞ്ഞ ഉണ്ണാക്കന്മാരാണെന്നും ഉല്ലേഖ് വിമർശിച്ചു. കേരള മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞില്ലേ എന്ന ന്യായങ്ങൾ പറയാൻ കഴിഞ്ഞേക്കാം. എന്നാൽ അദ്ദേഹം അങ്ങനെ പറഞ്ഞെങ്കിൽ ആ രീതിയിൽ സംസാരിക്കാതിരിക്കുക എന്നതാണ് നല്ല രാഷ്ട്രീയവും ബുദ്ധിപരമായ നീക്കവുമെന്ന് എൻ പി ഉല്ലേഖ് വ്യക്തമാക്കി.