Banner Ads

‘എസ്‌ഐആർ വിരുദ്ധ പ്രക്ഷോഭത്തിന് തിരിച്ചടി’: സിജെപിക്കെതിരെ ആഞ്ഞടിച്ച് മുസ്ലിം യൂത്ത് ലീഗ്

തിരുവനന്തപുരം: കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ പരാജയം വോട്ടർപട്ടികയിലെ തീവ്ര പുനഃപരിശോധന (എസ്‌ഐആർ) മൂലമാണെന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം യൂത്ത് ലീഗ് രംഗത്ത്. അഴിമതിയും ദുർഭരണവും കാരണമാണ് ജനങ്ങൾ ഇടതിനെ തള്ളിക്കളഞ്ഞതെന്ന് സിപിഎം തന്നെ വ്യക്തമാക്കുന്ന സാഹചര്യത്തിൽ, എൽഡിഎഫിന് വക്കാലത്ത് പിടിക്കേണ്ട യാതൊരു ആവശ്യവും അഭിജീതിനില്ലെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഷിബു മീരാൻ ആരോപിച്ചു.

വോട്ടർപട്ടിക തിരിമറിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ നിഷ്പക്ഷതയെയും ഗൗരവത്തെയും ചോർത്തുന്നതാണ് ഇത്തരം നിലപാടുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നേരത്തെ, വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി ആളുകളെ ഒഴിവാക്കിയതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും കേരളത്തിൽ പിണറായി വിജയനും തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിനും പരാജയപ്പെട്ടത് ആസൂത്രിതമായാണെന്നും അഭിജീത് ദീപ്കെ ആരോപിച്ചിരുന്നു.

ജീവിച്ചിരിക്കുന്നവരെ മരിച്ചവരാക്കി വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കുന്നതിന്റെ ആനുകൂല്യം ബിജെപിക്കു മാത്രമാണ് ലഭിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ബെംഗളൂരുവിലും ദില്ലിയിലും നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഭരണകൂടം തടസ്സം നിൽക്കുന്നതിനെതിരെയും അദ്ദേഹം പ്രതിഷേധമുയർത്തി. ജനാധിപത്യം സംരക്ഷിക്കാൻ അറസ്റ്റ് വരിക്കാനും പോരാട്ടം തുടരാനും രാജ്യത്തെ യുവാക്കൾ സജ്ജരാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങളിൽ വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളും വിദ്യാർത്ഥി സംഘടനകളും പ്രതിഷേധം ശക്തമാക്കുകയാണ്.