Banner Ads

മാസപ്പടി കേസ്: അപ്പീലിന് പോകാൻ സാധ്യതയില്ലെന്ന് യുഡിഎഫ് സർക്കാർ; വിജിലൻസ് അന്വേഷണം ഉടൻ

തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ യുഡിഎഫ് സർക്കാർ മുതിർന്നേക്കില്ല. അപ്പീൽ നൽകിയാൽ ‘ഡീൽ’ ആരോപണവും രാഷ്ട്രീയ ഒത്തുകളി വാദവും വീണ്ടും ശക്തമാകുമെന്ന വിലയിരുത്തലിലാണ് സർക്കാർ നീക്കം.

കോടതി നിർദേശാനുസരണം ഇനി വിജിലൻസ് നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും.ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ തൈക്കണ്ടി, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മുൻപ് സർക്കാർ തയ്യാറായിരുന്നില്ല. പകരം ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) പ്രാഥമിക അന്വേഷണത്തിനായി നിയോഗിക്കുകയായിരുന്നു.

എന്നാൽ, എസ്ഐടിയെ നിയമിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതോടെ ഈ നീക്കം റദ്ദായി.ഹൈക്കോടതി ഉത്തരവോടെ കേസിൽ എൽഡിഎഫും യുഡിഎഫും ഒരുപോലെ രാഷ്ട്രീയ പ്രതിരോധത്തിലായിട്ടുണ്ട്. വിജിലൻസിന് മുന്നിൽ നിലവിൽ കേസുമായി ബന്ധപ്പെട്ട ഫയലുകളൊന്നുമില്ലാത്തതിനാൽ, മുൻപ് എസ്ഐടി ശേഖരിച്ച രേഖകളും ഇഡി കൈമാറിയ തെളിവുകളും മൊഴികളും വിജിലൻസ് ശേഖരിച്ച് പരിശോധിക്കും. അഴിമതി നിരോധന നിയമപ്രകാരം കേസിന്റെ തുടരന്വേഷണം വേഗത്തിലാക്കാനാണ് വിജിലൻസിന്റെ തീരുമാനം