Banner Ads

സേവന വാഹനത്തിന് തീയിട്ടു: നെടുമങ്ങാട് ഡിവൈഎഫ്ഐ ആംബുലൻസ് കത്തിച്ച സംഭവത്തിൽ എസ്ഡിപിഐ പ്രവർത്തകർ പ്രതിക്കൂട്ടിൽ.

തിരുവനന്തപുരം: നെടുമങ്ങാട്: സിപിഎം-എസ്ഡിപിഐ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായി നെടുമങ്ങാട് നടന്ന ആക്രമണ പരമ്പരയിൽ രണ്ട് ആംബുലൻസുകൾ തകർക്കപ്പെട്ടു. ഇതിൽ ഡിവൈഎഫ്ഐയുടെ ആംബുലൻസ് അഗ്നിക്കിരയാക്കിയ സംഭവത്തിൽ എസ്ഡിപിഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവങ്ങൾക്ക് തുടക്കം.

അഴീക്കോട് ജംഗ്ഷനിൽ വെച്ച് സിപിഎം മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചതാണ് സംഘർഷങ്ങൾക്ക് കാരണമായത്. ഈ സംഭവത്തിൽ പ്രതികളായ റഫീഖ്, നിസാം, സമദ് എന്നിവർക്കെതിരെ അരുവിക്കര പൊലീസ് കേസെടുത്തിട്ടുണ്ട്.ആദ്യ ആക്രമണം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ആദ്യം രംഗത്തെത്തിയത്.

മുഖംമറച്ചെത്തിയ ഒരു സംഘം എസ്ഡിപിഐയുടെ ആംബുലൻസ് തകർത്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എസ്ഡിപിഐ പ്രവർത്തകന്റെ വീടിനും ആംബുലൻസിനും നേരെ ആക്രമണമുണ്ടായതായും റിപ്പോർട്ടുണ്ട്.ഇതിനു പിന്നാലെയാണ് ഡിവൈഎഫ്ഐയുടെ ബ്ലോക്ക് കമ്മിറ്റി ആംബുലൻസ് എസ്ഡിപിഐ പ്രവർത്തകർ തീയിട്ട് നശിപ്പിച്ചത്.

ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ച സംഭവത്തിൽ എസ്ഡിപിഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും, എസ്ഡിപിഐയുടെ ആംബുലൻസ് സിപിഎം പ്രവർത്തകർ തകർത്ത കേസിൽ ഇതുവരെയും കേസെടുത്തിട്ടില്ല. ഇതുസംബന്ധിച്ച് ആരും പരാതി നൽകിയിട്ടില്ലെന്നാണ് നെടുമങ്ങാട് പൊലീസ് വ്യക്തമാക്കുന്നത്. നെടുമങ്ങാട് എസ്ഡിപിഐയും സിപിഎമ്മും തമ്മിൽ ഏറെ നാളായി നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയാണ് ഈ ആക്രമണങ്ങൾ.