അങ്കോല : കർണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്നു. മണ്‍ത്തിട്ടക്കടിയില്‍ ലോറിയുണ്ടെന്ന അനുമാനത്തിൽ ഡ്രഡ്ജർ കമ്പനി പരിശോധന നടത്തി വരുകയാണ്. ഒരു വാഹനത്തിന്റെ റേഡിയേറ്റർ കണ്ടെത്തിയിട്ടുണ്ട്. റേഡിയേറ്ററിന്റെ ഭാഗം ലഭിച്ചതിനെ തുടർന്ന് മുങ്ങല്‍ വിദഗ്ധ സംഘം പുഴയിലിറങ്ങി പരിശോധന നടത്തിയപ്പോൾ വാഹനത്തിന്റെ ഭാഗം കണ്ടെന്നാണ് പറയുന്നത്.
എന്നാല്‍, ഈ പ്രദേശത്ത് മണ്ണ് ധാരാളമായിട്ട് ഉണ്ടെന്നും പറയുന്നു. അതിനാല്‍ തന്നെ മണ്ണ് മാറ്റിയതിന് ശേഷം മാത്രമേ ഇവിടെ കൂടുതല്‍ പരിശോധന നടത്താൻ സാധിക്കൂകയുള്ളൂ. ഒരു ലോറിയുടെ ഭാഗമാണ് ലഭിച്ചതെന്നാണ് വിവരം. എന്നാല്‍, ഇത് അർജുന്റെ ലോറി ആണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. നാവികസേനാ നല്‍കിയ പോയന്റുകളിലായിരുന്നു ആദ്യം തിരച്ചില്‍ നടത്തിയിരുന്നത്. എന്നാല്‍, അവിടെ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.