
മലപ്പുറം : ദേശീയപാതയില്‍ ഓണിയില്‍ പാലത്തിന് സമീപം സ്കൂൾ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് ആറ് അതിഥി തൊഴിലാളികൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അപകടം. പിക്കപ്പ് ലോറിയിൽ ഉണ്ടായിരുന്ന അന്തർ സംസ്ഥാന തൊഴിലാളികളായ അബ്റുൾ ഇസ്ലാം, സഹദ്, സെയ്ഫു ഉസ്മാൻ, ബഹർ, നുസ്സറുൾ ഇസ്ലാം എന്നിവർക്കാണ് പരിക്കേറ്റത്.
കഞ്ഞിപ്പുരയിൽ താമസക്കാരാണിവര്‍. പരിക്കേറ്റ തൊഴിലാളികളെ വളാഞ്ചേരി-കുറ്റിപ്പുറം റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വളാഞ്ചേരിയിൽനിന്ന് എടപ്പാളിലേക്ക് പോവുകയായിരുന്ന സ്വകാര്യ സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ സഞ്ചരിച്ചിരുന്ന പിക്കപ്പ് ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് സ്കൂൾ ബസ് ലോറിയിൽ ഇടിക്കുകയായിരുന്നു.
ലോറിയുടെ പുറകുവശത്ത് സിമന്റ് മിക്സിങ് യന്ത്രവും ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് ലോറി റോഡിൽ മറിഞ്ഞു. ലോറിയിൽ നിരവധി തൊഴിലാളികളും പണിയുപകരണങ്ങളും ഉണ്ടായിരുന്നു. എടപ്പാളിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.