
റിയാദ് : ആഗോള വിപണിയിൽ സൗദി ഈന്തപ്പഴത്തിന് പ്രിയമേറുന്നു. ഇന്ത്യയിലേക്കുള്ള ഈന്തപ്പഴ കയറ്റുമതിയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ ശ്രദ്ധേയമായ വളർച്ചയാണ് 2025ൽ രേഖപ്പെടുത്തിയിരിക്കുന്നത്. നാഷണൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദി അറേബ്യയുടെ ആകെ കയറ്റുമതി മൂല്യം 193.8 കോടി റിയാലിലെത്തി. ഏഷ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ച് ഇന്ത്യയിൽ സൗദി ഈന്തപ്പഴത്തിന് ലഭിക്കുന്ന വലിയ സ്വീകാര്യതയാണ് ഈ കുതിപ്പിന് പ്രധാന കാരണം.
നിലവിൽ ലോകത്തെ 125ലധികം രാജ്യങ്ങളിലേക്ക് സൗദി ഈന്തപ്പഴം കയറ്റുമതി ചെയ്യുന്നുണ്ട്. വിതരണ ശൃംഖലകൾ ആധുനികവൽക്കരിച്ചതും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയതും അന്താരാഷ്ട്ര വിപണിയിൽ സൗദിക്ക് മുൻതൂക്കം നൽകി. രാജ്യത്തിന്റെ എണ്ണയിതര വരുമാനം വർധിപ്പിക്കുക എന്ന വിഷൻ 2030 ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പായാണ് ഈ നേട്ടത്തെ സാമ്പത്തിക വിദഗ്ധർ കാണുന്നത്.