
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രതികരണവുമായി പിണറായി വിജയൻ. ഫലം സമഗ്രമായി വിശകലനം ചെയ്യാനും പോരായ്മകൾ തിരുത്താനും എൽഡിഎഫ് തീരുമാനിച്ചതായി പിണറായി വിജയൻ അറിയിച്ചു. ജനാധിപത്യപരമായ തുറന്ന പരിശോധനയാണ് ലക്ഷ്യമെന്നും സഖാക്കളുടെയും പൊതുസമൂഹത്തിന്റെയും വിമർശനങ്ങൾ ഗൗരവമായി കേൾക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫലത്തിന് പിന്നാലെ ഉയരുന്ന ആശങ്കകളും അഭിപ്രായങ്ങളും ഉൾക്കൊള്ളും.
എല്ലാവരുമായും ചർച്ച ചെയ്ത് ഭാവി തീരുമാനങ്ങൾ എടുക്കും. തിരഞ്ഞെടുപ്പിൽ നടന്ന വ്യാപകമായ വ്യാജപ്രചാരണങ്ങളിൽ ചില മാധ്യമങ്ങൾ വഹിച്ച പങ്ക് ഗൗരവതരമാണ്. അർദ്ധസത്യങ്ങളും വസ്തുതാവിരുദ്ധമായ കാര്യങ്ങളും പ്രചരിപ്പിക്കുന്നത് ജനാധിപത്യത്തിന് ഗുണകരമല്ല. യുഡിഎഫ്-ബിജെപി എന്നിവർക്കൊപ്പം ചില മാധ്യമങ്ങളും ചേർന്നൊരുക്കിയ രാഷ്ട്രീയ സാഹചര്യമാണ് പരാജയത്തിന് കാരണമായത്.
അരാഷ്ട്രീയ കേന്ദ്രങ്ങളുടെ പ്രചാരണങ്ങളിൽ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടു. അഹോരാത്രം പണിയെടുത്ത പതിനായിരക്കണക്കിന് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് മുന്നോട്ട് പോകുമെന്നും പിണറായി വിജയൻ പറഞ്ഞു.