
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ സംഗമം പന്തളത്ത് ആരംഭിച്ചു. വാഴൂർ തീർഥപാദാശ്രമത്തിലെ പ്രജ്ഞാനന്ദ തീർഥപാദർ ഉദ്ഘാടനം ചെയ്ത സെമിനാറിൽ, ശബരിമലയുടെ ആചാരങ്ങളും വിശ്വാസങ്ങളും തകർക്കാൻ പലരും ശ്രമിച്ചിട്ടും അത് നടക്കാത്തത് അയ്യപ്പസ്വാമിയുടെ പിന്തുണയില്ലാത്തതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ അധ്യക്ഷത വഹിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല, ശബരിമലയിൽ വികസനം അത്യാവശ്യമാണെന്നും എന്നാൽ അത് വിശ്വാസങ്ങൾക്ക് എതിരാവരുതെന്നും പറഞ്ഞു. “വിശ്വാസത്തോടൊപ്പം വികസനം, സുരക്ഷ” എന്നതാണ് ഈ സംഗമത്തിന്റെ പ്രധാന ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു. പമ്പയിലെ ചടങ്ങിൽ ചിലർ അയ്യപ്പ വിഗ്രഹം ഏറ്റുവാങ്ങുകയും വിളക്ക് തെളിയിക്കുകയും ഗീതാശ്ലോകം ചൊല്ലുകയും ചെയ്തത് സനാതന ധർമ്മത്തിൻ്റെ ശക്തിയാണ് കാണിക്കുന്നതെന്നും അവർ പറഞ്ഞു.
വികസനം എന്നാൽ പഞ്ചനക്ഷത്ര സൗകര്യങ്ങളല്ല, മറിച്ച് വിശ്വാസികൾക്ക് ആവശ്യമായ സൗകര്യങ്ങളാണ് ഒരുക്കേണ്ടതെന്നും അവർ വ്യക്തമാക്കി.വിവിധ വിഷയങ്ങളിൽ പ്രമുഖർ വിഷയാവതരണം നടത്തും.ശബരിമലയുടെ വിശ്വാസം എന്ന വിഷയത്തിൽ ശബരിമല അയ്യപ്പ സേവാസംഘം സ്ഥാപക സെക്രട്ടറി സ്വാമി അയ്യപ്പദാസ് സംസാരിക്കും.ശബരിമലയുടെ വികസനം എന്ന വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ. ജി. രാമൻ നായരും സംസാരിക്കും.
ശബരിമല സംരക്ഷണം എന്ന വിഷയത്തിൽ മുൻ ഡി.ജി.പി ടി.പി. സെൻകുമാർ വിഷയം അവതരിപ്പിക്കും.വൈകുന്നേരം നടക്കുന്ന സംഗമം ബി.ജെ.പി തമിഴ്നാട് മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. കൂടാതെ, സ്വാഗതസംഘം പ്രസിഡന്റ് പി.എൻ. നാരായണ വർമ്മ, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ വത്സൻ തില്ലങ്കേരി, സ്വാമി ശക്തി ശാന്താനന്ദ മഹർഷി, തേജസ്വി സൂര്യ എം.പി, ജെ. നന്ദകുമാർ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വി.ജി. തമ്പി, എസ്.ജെ.ആർ. കുമാർ എന്നിവരും പ്രസംഗിക്കും